രാജ്യത്ത് പാചകവാതകം ലഭ്യമാക്കേണ്ട ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്ര സർക്കാർ പൂർണ്ണമായും പിൻവാങ്ങിയിരിക്കുകയാണ് : ടി.പി. രാമകൃഷ്ണൻ
രാജ്യത്ത് പാചകവാതകം ലഭ്യമാക്കേണ്ട ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്ര സർക്കാർ പൂർണ്ണമായും പിൻവാങ്ങിയിരിക്കുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ആരോപിച്ചു. പാചകവാതക പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ സംഘടിപ്പിച്ച എൽ.ഡി.എഫ് പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ എണ്ണഖനന കേന്ദ്രങ്ങളെല്ലാം സ്വന്തം അധീനതയിലാക്കാനുള്ള അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നീക്കങ്ങൾക്ക് കൂട്ടുനിൽക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
അന്താരാഷ്ട്ര തലത്തിൽ രൂപപ്പെട്ട യുദ്ധസാഹചര്യങ്ങളെത്തുടർന്ന് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണത്തിൽ കടുത്ത പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. ഈ ഘട്ടത്തിൽ ജനങ്ങളെ സഹായിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിന് പകരം അമേരിക്കയുടെയും ഇസ്രയേലിന്റെയും നിലപാടുകളെ പിന്തുണയ്ക്കാനാണ് നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നത്. എണ്ണ സമ്പത്ത് ലക്ഷ്യം വെച്ചുള്ള അമേരിക്കയുടെ ആധിപത്യ ശ്രമങ്ങളെ തള്ളിപ്പറയാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.