മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ പോവുന്ന പ്രശ്‌നമില്ല; തന്റെ പേരില്‍ പ്രചരിക്കുന്ന ട്രോളുകളോട് പ്രതികരിച്ച് ടോം വടക്കന്‍

 

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് കാട്ടി വാട്ട്സ്ആപ്പിലൂടെ തന്റെ ഫോട്ടോ ഉപയോഗിച്ച് പ്രചരിപ്പിക്കുന്ന ട്രോളുകള്‍ വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന ട്വീറ്റുമായി ബിജെപി നേതാവ് ടോം വടക്കന്‍. നിരന്തരമായ അവഗണനയുടെ പേരില്‍ ടോം വടക്കന്‍ ബിജെപി വിടുന്നുവെന്ന തരത്തിലാണ് ട്രോളുകള്‍ പ്രചരിക്കുന്നത്. ടോം വടക്കന് കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹമുണ്ടെന്നും സിപിഐഎമ്മുമായി ചര്‍ച്ചകള്‍ നടത്തിയെന്നുമാണ് ട്രോളുകളില്‍ പറയുന്നത്. ഇതിനെയെല്ലാം പൂര്‍ണമായും തള്ളുകയാണ് ടോം വടക്കന്‍. 

അല്‍ഫോണ്‍സ് കണ്ണന്താനത്തിനും ടോം വടക്കനും പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയും ഈയിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബിജെപിയേക്കുറിച്ച് ന്യൂനപക്ഷ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലുള്ള ചില ആശങ്കകള്‍ അകറ്റാന്‍ ഇവരുടെ പാര്‍ട്ടി പ്രവേശനം സഹായകരമാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി ദേശീയ നേതൃത്വം. എന്നാല്‍ ടോം വടക്കന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ബിജെപിയില്‍ വലിയ അവഗണന നേരിടുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിട്ട് ഒരു വര്‍ഷമായി എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടും ടോം വടക്കന്‍ 2020ല്‍ ട്വീറ്റ് ചെയ്തിരുന്നു. ബിജെപിയില്‍ നിന്ന് കിട്ടുന്ന സ്‌നേഹത്തിനും പരിഗണനക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷാക്കും, ജെപി നദ്ദക്കും, ബിഎല്‍ സന്തോഷ് അടക്കം മറ്റ് ബിജെപി നേതാക്കള്‍ക്കും നന്ദി പറഞ്ഞുകൊണ്ടായിരുന്നു അന്നത്തെ ടോം വടക്കന്റെ ട്വീറ്റ്.