ഇന്ന് ആറ്റുകാല്‍ പൊങ്കാല ; ലക്ഷക്കണക്കിന് പേര്‍ ഇന്ന് ദേവിയ്ക്ക് പൊങ്കാല അര്‍പ്പിക്കും

ചന്ദ്രഗ്രഹണമായതിനാല്‍ ഉച്ചകഴിഞ്ഞ് 3.10 മുതല്‍ രാത്രി 7 വരെ ക്ഷേത്ര ദര്‍ശനം ഉണ്ടാകില്ല.

 

ഉച്ച തിരിഞ്ഞ് 2.15 ന് നിവേദ്യ സമര്‍പ്പണം നടത്തും.

ഭക്തിയുടെ നിറവില്‍ ഇന്ന് ആറ്റുകാല്‍ പൊങ്കാല. ദേവിക്ക് പൊങ്കാല അര്‍പ്പിക്കാന്‍ ഭക്തലക്ഷങ്ങളാണ് അനന്തപുരിയില്‍ ഒത്തുകൂടിയിരിക്കുന്നത്. അനന്തപുരി യാഗശാലയായി മാറാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. രാവിലെ 9.45 ന് ക്ഷേത്രത്തില്‍ നിന്ന് അടുപ്പുവെട്ട് ചടങ്ങ് നടക്കും. തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ അടുപ്പുകളില്‍ ഭക്തര്‍ പൊങ്കാല നിവേദ്യം തയ്യാറാക്കും. ഉച്ച തിരിഞ്ഞ് 2.15 ന് നിവേദ്യ സമര്‍പ്പണം നടത്തും.

ചന്ദ്രഗ്രഹണമായതിനാല്‍ ഉച്ചകഴിഞ്ഞ് 3.10 മുതല്‍ രാത്രി 7 വരെ ക്ഷേത്ര ദര്‍ശനം ഉണ്ടാകില്ല. രാത്രി 8.30 ന് കുത്തിയോട്ട ബാലന്മാരെ ചൂരല്‍ക്കുത്ത് ചടങ്ങ് നടക്കും. തുടര്‍ന്ന് രാത്രി 10.45 ന് മണക്കാട് ധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളത്തു പുറപ്പെടും.

പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവര്‍ക്കായി അധിക ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. കെഎസ്ആര്‍ടിസിയും പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും നഗരത്തില്‍ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.