പാലക്കാട് ചെന്തണ്ടില്‍ വീണ്ടും പുലി: പശുക്കുട്ടിയെ കടിച്ചു കൊന്നു
കല്ലടിക്കോട് മാച്ചാംതോട് ചെന്തണ്ടില്‍ വീണ്ടും പുലിയിറങ്ങി, പശുക്കുട്ടിയെ കടിച്ചു കൊന്നു
പാലക്കാട്: കല്ലടിക്കോട് മാച്ചാംതോട് ചെന്തണ്ടില്‍ വീണ്ടും പുലിയിറങ്ങി, പശുക്കുട്ടിയെ കടിച്ചു കൊന്നു. പാറമടയില്‍ ഈറ്റത്തോട് റെജി സെബാസ്റ്റ്യന്റെ രണ്ടു വയസ് പ്രായമുള്ള പശുക്കുട്ടിയെയാണ് ഇന്നലെ പുലര്‍ച്ചെ പുലി പിടിച്ചത്. ക്ഷീര കര്‍ഷകനായ റെജിയുടെ തൊഴുത്തില്‍ ആകെ അഞ്ച് പശുക്കളാണ് ഉണ്ടായിരുന്നത്. ചത്ത പശുക്കുട്ടിയുടെ ശരീരാവശിഷ്ടങ്ങള്‍ സമീപത്തു നിന്ന് തന്നെ കണ്ടെത്തി. പ്രദേശത്ത് പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതായി വനംവകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു. പുലിയെ പിടികൂടാന്‍ പ്രദേശത്ത് കൂടു സ്ഥാപിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി.
സ്ഥിരം പുലിശല്യം അനുഭവപ്പെടുന്ന ഈ പ്രദേശത്ത് നിന്ന് രണ്ടു മാസം മുന്‍പ് ഒരു പുലിയെ കൂട് വെച്ച് പിടികൂടിയിരുന്നു. അതിനെ ശിരുവാണി കേരളമേട്ടിലാണ് തുറന്നു വിട്ടത്. അതേ പുലി ഒരാഴ്ചയ്ക്കുള്ളില്‍ വീണ്ടും പ്രദേശത്ത് പ്രത്യക്ഷപ്പെട്ട് ആടുകളെ കടിച്ചു കൊന്നിരുന്നു.
വനംവകുപ്പ് വിഷയം ഗൗരവമില്ലാതെയാണ് കാണുന്നത് എന്നതാണ് നാട്ടുകാരുടെ പരാതി. പിടികൂടുന്ന പുലിയെ സമീപത്തെ കാട്ടില്‍ത്തന്നെ തുറന്നു വിടുകയാണെങ്കില്‍ ഫലമില്ലെന്നാണ് അവര്‍ പറയുന്നത്. ഇന്നലെ സ്ഥലത്തെത്തിയ വനംവകുപ്പുദ്യോഗസ്ഥരോടെ പ്രദേശവാസികള്‍ രോഷാകുലലായാണ് സംസാരിച്ചത്.
തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് മേരി ജോസഫ്, പഞ്ചായത്ത് അംഗം പ്രകാശ് തോമസ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. വന്യ മൃഗ ശല്യം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ.എ. തുളസി ഉറപ്പു നല്‍കി.