തുലാപ്പള്ളിയിൽ ശബരിമല തീർഥാടകരുടെ ബസ് വാഹനങ്ങളിലിടിച്ച് മറിഞ്ഞ് അപകടം ; ഒരാൾ മരിച്ചു

തുലാപ്പള്ളിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണംവിട്ട് രണ്ട് വാഹനങ്ങളിൽ ഇടിച്ച ശേഷം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

 

ശബരിമല : തുലാപ്പള്ളിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണംവിട്ട് രണ്ട് വാഹനങ്ങളിൽ ഇടിച്ച ശേഷം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വഴിയരികിൽ നിന്നിരുന്ന ശബരിമല തീർഥാടകനും അഖില ഭാരത അയ്യപ്പ സേവാ സംഘം തമിഴ്നാട് സ്റ്റേറ്റ് കൗൺസിൽ അംഗവുമായ ചെന്നൈ സ്വദേശി ശിവകുമാർ ( 65) ആണ് മരിച്ചത്.

തുലാപ്പള്ളി ആലപ്പാട്ട് കവലയ്ക്ക് സമീപത്തെ കുത്തനെയുള്ള ഇറക്കത്തിൽ ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. ദർശനം കഴിഞ്ഞ് മടങ്ങിയ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.

വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാറിലും മിനി ബസ്സിലും ഇടിച്ച ശേഷം ബസ് സമീപത്തെ പാർക്കിംഗ് ഭാഗത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽപ്പെട മിനി ബസ് യാത്രികരായിരുന്ന എട്ടു തീർത്ഥാടകർക്ക് പരിക്കേറ്റു. ഇവരെ എരുമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.