തൃശൂരിൽ യുവാവിന്  കിണറ്റില്‍ വീണ് പരിക്കേറ്റു

പുതുക്കാട് മണ്ണംപേട്ട കരുവാടിയില്‍ സ്വകാര്യ വ്യക്തിയുടെ കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറ്റില്‍ വീണ് യുവാവിന് പരിക്കേറ്റു. വട്ടണാത്ര സ്വദേശി സിബിക്കാണ് പരിക്കേറ്റത്.

 


തൃശൂര്‍: പുതുക്കാട് മണ്ണംപേട്ട കരുവാടിയില്‍ സ്വകാര്യ വ്യക്തിയുടെ കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറ്റില്‍ വീണ് യുവാവിന് പരിക്കേറ്റു. വട്ടണാത്ര സ്വദേശി സിബിക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. കിണര്‍ വൃത്തിയാക്കി കയറുന്നതിനിടെ കാലുവഴുതി കിണറിലേക്ക് വീഴുകയായിരുന്നു. കിണറില്‍ ചാരി വെച്ചിരുന്ന ഇരുമ്പ് കോണിയിലേക്കാണ്  സിബി വീണത്. കോണിയില്‍ ഇടിച്ച് വീണ സിബിയുടെ കാലില്‍ ഗുരുതരമായി പരിക്കേറ്റ് കിണറില്‍ കുടുങ്ങുകയായിരുന്നു. 

നാട്ടുകാര്‍ വിവരമറിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പുതുക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങളാണ് സിബിയെ പുറത്തെത്തിച്ചത്. മണ്ണംപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇയാളെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്‌റ്റേഷന്‍ ഓഫീസര്‍ ജോജി വര്‍ഗീസ്, അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ സുജീന്ദ്രന്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍ സി. രഞ്ജിത്ത്, ഫയര്‍മാന്‍മാരായ വിജീഷ്, അനന്തു, ജിതിന്‍ ജോസഫ്, ഹോംഗാര്‍ഡുമാരായ രാജീവ്, രമേഷ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.