തൃശൂർ പൂരം കലക്കൽ: അന്വേഷണ റിപ്പോർട്ട് തള്ളി തിരുവമ്പാടി ദേവസ്വം; പുനരന്വേഷണം വേണമെന്ന് ആവശ്യം
തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് തിരുവമ്പാടി ദേവസ്വം തള്ളി. നിലവിലെ റിപ്പോർട്ട് 'ആടിനെ പട്ടിയാക്കുന്നതിന് തുല്യമാണെന്നും' സംഭവത്തിൽ നിഷ്പക്ഷമായ പുനരന്വേഷണം വേണമെന്നും ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ ആവശ്യപ്പെട്ടു. വിഷയത്തിൽ നീതി തേടി മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ദേവസ്വം മന്ത്രിയെയും നേരിൽ കാണുമെന്നും ദേവസ്വം ഭാരവാഹികൾ വ്യക്തമാക്കി.
തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് തിരുവമ്പാടി ദേവസ്വം തള്ളി. നിലവിലെ റിപ്പോർട്ട് 'ആടിനെ പട്ടിയാക്കുന്നതിന് തുല്യമാണെന്നും' സംഭവത്തിൽ നിഷ്പക്ഷമായ പുനരന്വേഷണം വേണമെന്നും ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ ആവശ്യപ്പെട്ടു. വിഷയത്തിൽ നീതി തേടി മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ദേവസ്വം മന്ത്രിയെയും നേരിൽ കാണുമെന്നും ദേവസ്വം ഭാരവാഹികൾ വ്യക്തമാക്കി.
പൂരം കലക്കലുമായി ബന്ധപ്പെട്ട് തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ഉൾപ്പെടെ എട്ടുപേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് മേധാവി തയ്യാറാക്കിയ റിപ്പോർട്ടാണ് ഡിജിപി വഴി സർക്കാരിന്റെ പരിഗണനയ്ക്ക് കൈമാറിയിട്ടുള്ളത്. കലാപാഹ്വാനം, സ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ദേവസ്വം ഭാരവാഹികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ ഒഴിവാക്കി ദേവസ്വത്തെ പ്രതിക്കൂട്ടിലാക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നാണ് തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാട്.