തൃശൂര്‍ ചേര്‍പ്പിലെ സദാചാരകൊലപാതകം: നാലുപേര്‍ പിടിയില്‍

 



തൃശൂര്‍: ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്രത്തിനു സമീപം സ്വകാര്യ ബസ് ഡ്രൈവറെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ നാലുപേര്‍ പിടിയില്‍. ചിറക്കല്‍ കൊടക്കാട്ടില്‍ അരുണ്‍, ചിറക്കല്‍ സ്വദേശി അമീര്‍, കാട്ടൂര്‍ പൊഞ്ഞനം സ്വദേശി കുറുമത്ത് നിരഞ്ജന്‍, കോട്ടം സ്വദേശി സുഹൈല്‍ എന്നിവരാണ് കസ്റ്റഡിയിലായത്. ഉത്തരാഖണ്ഡില്‍ ഒളിവില്‍ കഴിയുമ്പോഴാണ് ഇവരെ പോലീസ് പിടികൂടിയത്. പ്രതികളെ ഇന്നു വൈകിട്ടോടെ തൃശൂരില്‍ എത്തിക്കും. ചിറയ്ക്കല്‍ കോട്ടം തിരുവാണിക്കാവ് ക്ഷേത്രപരിസരത്തുവച്ച് ഫെബ്രുവരി 18നാണ് എട്ടംഗ സംഘം കോട്ടം മമ്മസ്രായില്ലത്ത് സഹാറിനെ വളഞ്ഞിട്ടു മര്‍ദിച്ചത്.

രാത്രിയില്‍ വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തില്‍ സഹാറിന്റെ വാരിയെല്ലൊടിഞ്ഞു. നട്ടെല്ലിനു പൊട്ടലുണ്ടായി. വൃക്കകളും അനുബന്ധ ആന്തരികാവയവങ്ങളും തകര്‍ന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സഹാര്‍, ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഈ മാസം ഏഴിനാണ് മരണത്തിനു കീഴടങ്ങിയത്. സംഭവം നടന്ന് ഒരു മാസം പൂര്‍ത്തിയാകുമ്പോഴാണ് നാലുപേരെ പോലീസ് പിടികൂടിയത്. സംഭവത്തില്‍ 10 പേര്‍ക്കെതിരേ കൊലക്കുറ്റത്തിനു .കേസെടുത്തെന്നും ആക്രമണത്തിനു നേതൃത്വം നല്‍കിയെന്നുസംശയിക്കുന്ന പഴുവില്‍ കോട്ടം നെല്ലിപ്പറമ്പില്‍ രാഹുല്‍ വിദേശത്തേക്കു കടന്നെന്നും പോലീസ് അറിയിച്ചിരുന്നു. സഹാറിന്റെ പരിചയക്കാരനായിരുന്നു രാഹുല്‍. ഇവര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഭവത്തിന്റെ കാരണമെന്നു സംശയിക്കുന്നു. 

കോട്ട കരിക്കിന്‍തറ വിഷ്ണു, മച്ചിങ്ങല്‍ ടിനോ, മച്ചിങ്ങല്‍ അഭിലാഷ്, കൊടക്കാട്ടില്‍ വിജിത്ത്, കൊടക്കാട്ടില്‍ അരുണ്‍, എട്ടുമന കാരണയില്‍ ജിഞ്ചു ജയന്‍, ചിറയ്ക്കല്‍ അമീര്‍ എന്നിവര്‍ക്കെതിരേ പോലീസ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരേ കൂടി കൊലക്കുറ്റത്തിനു കേസെടുക്കുകയും ചെയ്തു.സഹാറിനെതിരായ ആക്രമണത്തിന്റെ ദൃശ്യം മുഴുവന്‍ സമീപത്തെ ക്ഷേത്രത്തിലെ സി.സി.ടിവിയില്‍ പതിഞ്ഞിരുന്നു. സംഭവത്തിന്റെ പിറ്റേന്നുതന്നെ പോലീസ് സി.സി.ടിവി ദൃശ്യങ്ങള്‍ കണ്ടെടുക്കുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്‌തെങ്കിലും അറസ്റ്റ് ചെയ്തില്ല. സഹാറില്‍നിന്നു ശരിയായ മൊഴി ലഭിച്ചില്ലെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്.