തൃശൂരിൽ കനത്ത മഴയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു
കനത്ത മഴയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. വടക്കാഞ്ചേരി കാഞ്ഞിരക്കോട് തൊട്ടുപാലത്ത് സുക്താര ഹൗസില്‍ സെയ്തുവിന്റെ ഉടമസ്ഥതയിലുള്ള കിണറാണ് ഇന്നലെ പുലര്‍ച്ചെ ആറോടെ ഇടിഞ്ഞു താഴ്ന്നത്
തൃശൂര്‍: കനത്ത മഴയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. വടക്കാഞ്ചേരി കാഞ്ഞിരക്കോട് തൊട്ടുപാലത്ത് സുക്താര ഹൗസില്‍ സെയ്തുവിന്റെ ഉടമസ്ഥതയിലുള്ള കിണറാണ് ഇന്നലെ പുലര്‍ച്ചെ ആറോടെ ഇടിഞ്ഞു താഴ്ന്നത്. 15 കോല്‍ താഴ്ചയുള്ള, കരിങ്കല്ല് കെട്ടിയ കിണറാണ് പൂര്‍ണമായും ഇടിഞ്ഞു താഴ്ന്നത്. അപകട സമയത്ത് കിണറിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകളും, ഒരു ഗ്യാസ് സിലിണ്ടറും കിണറിനുള്ളിലേക്ക് പതിച്ചു. വീട്ടുകാര്‍ക്ക് പുറമെ സമീപത്തെ വടക്കന്‍ വീട്ടില്‍ ഷീന എന്ന അയല്‍വാസിയും ആശ്രയിച്ച കിണറാണ് ഇടിഞ്ഞത്.
വീടിനോട് ചേര്‍ന്നുള്ള കിണര്‍ ഇടിഞ്ഞതോടെ വീടിന്റെ തറയോട് ചേര്‍ന്നഭാഗം ഇടിഞ്ഞ നിലയിലാണ്. സമീപത്തെ വടക്കന്‍ വീട്ടില്‍ ഷീനയുടെ വീട്ടുമതിലും ഇടിഞ്ഞു താഴ്ന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫ്രിജോ വടക്കൂട്ട്, നീതു പ്രകാശന്‍, കെ. സതീഷ് കുമാര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്ത് എത്തി. പരിശോധനയ്ക്കുശേഷം വീടിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി കിണര്‍ ജെ.സി.ബി. ഉപയോഗിച്ച് മണ്ണിട്ട് നികത്തുകയും ചെയ്തു. രണ്ടു ബൈക്കുകളും കിണറ്റില്‍ നിന്ന് എടുക്കാന്‍ കഴിഞ്ഞില്ല.