തൃശ്ശൂരിൽ കാട്ടാന വൈദ്യുത വേലിയും കൃഷിയിടത്തിന്റെ ചുറ്റുമതിലും തകര്‍ത്തു

 

തൃശൂര്‍: പട്ടിക്കാട് ചെളിക്കുഴിയില്‍ കാട്ടാന വൈദ്യുത വേലിയും കൃഷിയിടത്തിന്റെ ചുറ്റുമതിലും തകര്‍ത്തു. കഴിഞ്ഞ ദിവസങ്ങളില്‍ ചെളിക്കുഴി, മയിലാട്ടുംപാറ പ്രദേശങ്ങളില്‍ കാട്ടാനയിറങ്ങി വ്യാപകമായ നാശനഷ്ടമുണ്ടാക്കി. വൈദ്യുതി വേലിയും കൃഷിയിടത്തിന്റെ ചുറ്റുമതിലും തകര്‍ത്തു. മരം മറിച്ചിട്ടാണ് വൈദ്യുതി വേലികള്‍ തകര്‍ക്കുന്നത്. ഫെന്‍സിങ്ങിന്റെ മെയിന്‍ ഗേറ്റും പെന്‍സില്‍ ലൈനും കാട്ടാന തകര്‍ത്തിരുന്നു. 

തൃശൂര്‍ സ്വദേശിയായ കര്‍ഷകന്റെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള കൃഷിയിടത്തിന്റെ കോണ്‍ക്രീറ്റ് ഇഷ്ടികകൊണ്ട് നിര്‍മിച്ച സംരക്ഷണമതിലാണ് ആന തകര്‍ത്തത്. കാട്ടുതീ വ്യാപകമായതോടെ പാണഞ്ചേരി പഞ്ചായത്തിന്റെ മലയോര പ്രദേശങ്ങളില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് വര്‍ധിച്ചിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. 

എല്ലാതരത്തിലുള്ള കൃഷികളും നശിപ്പിക്കുകയാണ്. ജനവാസ മേഖലയിലേക്ക് എത്തുന്ന കാട്ടാനകള്‍ ജനങ്ങളുടെ സ്വത്തിന് മാത്രമല്ല ജീവനും ഭീഷണിയായി മാറുകയാണ്. വാഴത്തോട്ടങ്ങള്‍ മാത്രമല്ല, ഏറെക്കാലമായി കൃഷിചെയ്ത് ഉണ്ടാക്കുന്ന തെങ്ങ്, ജാതി, റബര്‍, പ്ലാവ്, മാവ് എന്നിവയും ആനകള്‍ നശിപ്പിക്കുകയാണ്. കഴിഞ്ഞ മൂന്നുമാസമായി വാച്ചര്‍മാരുടെ സേവനം ലഭിക്കുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.