തൃശ്ശൂരിൽ കോൺഗ്രസ് പ്രവർത്തകന്റെ കട രാത്രി തീവെച്ച് നശിപ്പിച്ചു
തളിക്കുളം നമ്പിക്കടവ് കലിംഗ നഗറിൽ കോൺഗ്രസ് പ്രവർത്തകൻ സരിഗ മനോജിന്റെ ഉടമസ്ഥതയിലുള്ള ഹാൻഡി ക്രാഫ്റ്റ് ഷോപ്പ് സാമൂഹിക വിരുദ്ധർ തീ വെച്ച് നശിപ്പിച്ചു. വീടിന് അടുത്തുള്ള കടക്ക് നേരെ വെള്ളിയാഴ്ച പുലർച്ചെ നാലോടെയാണ് തീവെപ്പ് ഉണ്ടായത്. മനോജ് ശുചിമുറിയിൽ പോകാൻ വീടിന് പുറത്തിറങ്ങിയപ്പോഴാണ് കട കത്തുന്നത് കണ്ടത്.
തളിക്കുളം : തളിക്കുളം നമ്പിക്കടവ് കലിംഗ നഗറിൽ കോൺഗ്രസ് പ്രവർത്തകൻ സരിഗ മനോജിന്റെ ഉടമസ്ഥതയിലുള്ള ഹാൻഡി ക്രാഫ്റ്റ് ഷോപ്പ് സാമൂഹിക വിരുദ്ധർ തീ വെച്ച് നശിപ്പിച്ചു. വീടിന് അടുത്തുള്ള കടക്ക് നേരെ വെള്ളിയാഴ്ച പുലർച്ചെ നാലോടെയാണ് തീവെപ്പ് ഉണ്ടായത്. മനോജ് ശുചിമുറിയിൽ പോകാൻ വീടിന് പുറത്തിറങ്ങിയപ്പോഴാണ് കട കത്തുന്നത് കണ്ടത്.
ഉടൻ അമ്മ സരളയെയും ഭാര്യ സരിഗയെയും വിളിച്ചുണർത്തി മോട്ടോർ അടിച്ച് തീ കെടുത്തിയെങ്കിലും വസ്ത്രങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു. നേരത്തെ ബി.ജെ.പി പ്രവർത്തകനായിരുന്ന മനോജ് കോൺഗ്രസിൽ ചേർന്നതോടെ ചിലർ വീട്ടിലേക്ക് പടക്കം പൊട്ടിച്ചെറിഞ്ഞ് പരിഭ്രാന്തി പരത്തിയിരുന്നു. ജാതിപ്പേരും വിളിച്ച് ആക്ഷേപിച്ചിരുന്നു.
വലപ്പാട് പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. യഥാർഥ പ്രതികളെ കണ്ടെത്തി മാതൃകാപരമായ ശിക്ഷാ നടപടി ഉണ്ടാകണമെന്ന് നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഐ. ഷൗക്കത്തലിയും മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എസ്. സുൽഫിക്കറും ആവശ്യപ്പെട്ടു.