തൃശൂര്‍ എടിഎം കവര്‍ച്ച കേസ് ; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും വിവരമുണ്ട്.
 

തൃശൂര്‍ എടിഎം കവര്‍ച്ച കേസില്‍ തമിഴ്‌നാട് പൊലീസിന്റെ പിടിയിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നാമക്കല്‍ മജിസ്‌ട്രേറ്റ് മുന്നിലായിരിക്കും പ്രതികളെ ഹാജരാക്കുക. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും വിവരമുണ്ട്. പ്രതികളെ വിട്ടു കിട്ടുന്നതിനായി കോടതിയില്‍ പ്രൊഡക്ഷന്‍ വാറന്റ് സമര്‍പ്പിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു.


തൃശൂര്‍ ടൗണ്‍ ഈസ്റ്റ്, ഇരിഞ്ഞാലക്കുട എന്നീ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഇന്ന് പുലര്‍ച്ചവരെ പ്രതികളെ ചോദ്യം ചെയ്തിരുന്നു. അറസ്റ്റിനിടെ പൊലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് പ്രതികളില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ തമിഴ്‌നാട്ടില്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതികളെ കേരളത്തിലേക്ക് മാറ്റുന്നത് വൈകാന്‍ സാധ്യതയുണ്ട്.

തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ എടിഎം കവര്‍ച്ചക്ക് പിന്നിലും പിടിയിലായ പ്രതികള്‍ക്ക് പങ്കുണ്ടെന്ന് സംശയമുണ്ട്. ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളിലെ എടിഎം കവര്‍ച്ചയ്ക്ക് പിന്നിലും ഇവര്‍ പ്രവര്‍ത്തിച്ചതായാണ് സംശയം.

പിടിയിലായവരില്‍ ഹരിയാന നൂഹ് സ്വദേശി മുഹമ്മദ് ഇഖ്രാമാണ് കവര്‍ച്ചയുടെ സൂത്രധാരന്‍ എന്ന പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.