നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവന്, മകനെ ഓര്ത്ത് ആശങ്കയുണ്ട്'; പ്രതികരണവുമായി സുഹൈലിന്റെ അമ്മ നൂഹ സജീവ്
നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവന്, മകനെ ഓര്ത്ത് ആശങ്കയുണ്ട്'; പ്രതികരണവുമായി സുഹൈലിന്റെ അമ്മ നൂഹ സജീവ്
സോഷ്യല് മീഡിയയില് ഇക്കാര്യം ഒരുപാട് ചര്ച്ച ചെയ്യപ്പെടുന്നുണ്ടെന്ന് അറിയാം. എല്ലാവര്ക്കും തങ്ങളോട് ദേഷ്യവും വിദ്വേഷവും തോന്നുമെന്ന് അറിയാം.
കേസില് സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും ഒട്ടേറെ അസത്യങ്ങള് പ്രചരിക്കുകയാണെന്നും നൂഹ സജീവ് പറഞ്ഞു
നെടുമ്പാശ്ശേരി മിനി കൂപ്പര് അപകടത്തില് പ്രതികരണവുമായി പ്രതി സുഹൈല് സജീവിന്റെ അമ്മയും സംരംഭകയുമായ നൂഹ സജീവ്. നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകളാണെന്നും മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാനാവില്ലെന്നും നൂഹ സജീവ് പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബങ്ങളെ പറ്റുന്നത്ര പിന്തുണയ്ക്കും. കേസില് സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും ഒട്ടേറെ അസത്യങ്ങള് പ്രചരിക്കുകയാണെന്നും നൂഹ സജീവ് പറഞ്ഞു. സോഷ്യല് മീഡിയയില് പങ്കുവെച്ച വീഡിയോയിലാണ് നൂഹ സജീവിന്റെ പ്രതികരണം.
മൂന്നു കുഞ്ഞുങ്ങളുടെ വിലപ്പെട്ട ജീവനുകളാണ് നഷ്ടപ്പെട്ടത്. അതില് അനുശോചനം അറിയിക്കുന്നു. സ്നേഹത്തോടെ വളര്ത്തി വലുതാക്കിയ മക്കളെ നഷ്ടപ്പെടുന്ന വേദന ചിന്തിക്കാന് കഴിയുന്നതിന് അപ്പുറമാണ്. കുഞ്ഞ് നഷ്ടപ്പെടുമ്പോള് അച്ഛനമ്മമാര്ക്ക് ഉണ്ടാകുന്ന വേദന തനിക്ക് മനസ്സിലാകും. തന്റെ വാക്കുകള് അവരുടെ ദുഖത്തിന് കുറവാവില്ലെന്ന് അറിയാമെന്ന് നൂഹ സജീവ് പറയുന്നു.
അപകടവുമായി ബന്ധപ്പെട്ട് നിയമം നിയമപരമായി മുന്നോട്ടുപോകട്ടെ. എല്ലാം സത്യസന്ധമായി നടക്കണം. സത്യമായ വാര്ത്ത മാത്രം പുറത്തുവരട്ടെ. സോഷ്യല് മീഡിയയില് ഇക്കാര്യം ഒരുപാട് ചര്ച്ച ചെയ്യപ്പെടുന്നുണ്ടെന്ന് അറിയാം. എല്ലാവര്ക്കും തങ്ങളോട് ദേഷ്യവും വിദ്വേഷവും തോന്നുമെന്ന് അറിയാം. ഇത്രയും ദുഷ്കരമായ സാഹചര്യത്തില് തനിക്കും തന്റെ കുടുംബത്തിനും കുറച്ച് സ്വകാര്യത നല്കണമെന്ന് അഭ്യര്ത്ഥിക്കുന്നുവെന്ന് നൂഹ പറഞ്ഞു.
നാലുപേരടങ്ങുന്ന കുടുംബമാണ്. തങ്ങളും സാധാരണ മനുഷ്യരാണ്. പല കാര്യങ്ങളും ചര്ച്ച ചെയ്യപ്പെടുമ്പോഴും അടിസ്ഥാനരഹിതമായ വാര്ത്തകളും പ്രചരിക്കുകയാണ്. താനും ഒരമ്മയാണെന്ന കാര്യം പരിഗണിക്കണം. തന്റെ കുഞ്ഞിനെ ഓര്ത്തുള്ള ആശങ്ക ഒരുവശത്തുണ്ട്, അതേപോലെ മൂന്നു കുഞ്ഞുങ്ങളുടെ ജീവിതം നഷ്ടപ്പെട്ടതോര്ത്ത് വിഷമമുണ്ട്. താന് രണ്ടിനുമിടയിലൂടെയാണ് കടന്നുപോകുന്നത്. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ഇത്രയും ദിവസം എഴുന്നേറ്റ് ഇരിക്കാന് പോലും പറ്റാത്ത അവസ്ഥയായിരുന്നുവെന്നും അവര് പറഞ്ഞു.
അമ്മ എന്ന നിലയിലും സംരംഭക എന്ന നിലയിലും മരണപ്പെട്ടവരുടെ കുടുംബത്തിന് പിന്തുണ അറിയിക്കുകയാണ്. തങ്ങള് ഉള്ളടത്തോളം കാലം അവര്ക്ക് പിന്തുണ നല്കും. ആരുടെയും വേദന കുറച്ച് കാണിക്കാനോ കൂട്ടിക്കാണിക്കാനോ അല്ല, നിസ്സഹായവസ്ഥ ആണ്. തങ്ങള് നാലുപേര്ക്കും ഇനിയും ജീവിതമുണ്ട്. താനും ഒരമ്മയാണെന്നും കുടുംബമുണ്ടെന്നും തങ്ങളെക്കുറിച്ച് വാര്ത്തകള് പ്രചരിപ്പിക്കുന്നവര് ഓര്ക്കണമെന്നും നൂഹ സജീവ് കൂട്ടിച്ചേര്ത്തു.