പ്രിയ സലിം കുമാറിനെ അവസാനമായി കാണാന്‍ ആയിരങ്ങളെത്തി ; വൈകീട്ട് 3.30ന് വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം
മത ചടങ്ങുകള്‍ ഒഴിവാക്കിയാകും സംസ്‌കാരം.
Jun 7, 2026, 14:34 IST
ഔദ്യോഗിക ബഹുമതികളോടെയായിരിക്കും പ്രിയനടനെ കേരളം യാത്രയാക്കുക.
പ്രിയ നടന്‍ സലിം കുമാറിനെ അവസാന നോക്കുകാണാന്‍ ആയിരങ്ങളാണ് പറവൂര്‍ ടൗണ്‍ഹാളിലെ പൊതു ദര്‍ശനത്തിലേക്ക് ഒഴുകിയെത്തിയത്. രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം അമൃത ആശുപത്രിയില്‍ നിന്ന് ടൗണ്‍ഹാളില്‍ എത്തിച്ചത്. രണ്ട് മണിക്ക് പൊതുദര്‍ശനം പൂര്‍ത്തിയാക്കി മൃതദേഹം ആംബുലന്‍സില്‍ കയറ്റി വീട്ടിലേക്ക് കൊണ്ടുപോയി.
വീട്ടുവളപ്പില്‍ വൈകിട്ട് 3.30 ഓടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും പ്രിയനടനെ കേരളം യാത്രയാക്കുക. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷ പ്രകാരം മത ചടങ്ങുകള്‍ ഒഴിവാക്കിയാകും സംസ്‌കാരം. ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിനൊടുവില്‍ കോണ്‍ഗ്രസ് പതാക പുതപ്പിച്ചാണ് സലീം കുമാറിനെ ആംബുലന്‍സിലേക്ക് കയറ്റിയത്. മുഖ്യമന്ത്രി വി ഡി സതീശനടക്കം സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ സലിം കുമാറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ടൗണ്‍ ഹാളിലെത്തി.