12 സീറ്റ് കിട്ടുമെന്ന വിലയിരുത്തലില്‍ ഉറച്ച് നില്‍ക്കുന്നു, സര്‍വെ നടത്തിയവര്‍ക്ക് ഭ്രാന്ത്; എംവി ഗോവിന്ദന്‍

സിപിഐഎം പാര്‍ട്ടി വിലയിരുത്തല്‍ അനുസരിച്ച് 12 സീറ്റ് കിട്ടുമെന്നതാണ് നിഗമനം
 

എക്‌സിറ്റ് പോളില്‍ വിശ്വസിക്കുന്നില്ലെന്നും സര്‍വേ നടത്തിയവര്‍ക്ക് ഭ്രാന്താണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. സിപിഐഎം പാര്‍ട്ടി വിലയിരുത്തല്‍ അനുസരിച്ച് 12 സീറ്റ് കിട്ടുമെന്നതാണ് നിഗമനം. അതു തന്നെ കിട്ടുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. ആ വിലയിരുത്തലില്‍ മാറ്റമില്ല. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്തും തൃശൂരും ഉള്‍പ്പെടെ ഒരു മണ്ഡലത്തിലും ബിജെപിക്ക് വിജയ സാധ്യതയില്ല.

'എല്ലാ എക്‌സിറ്റ് പോളുകളും ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് പറയുന്നു. മൂന്ന് സീറ്റ് വരെ നേടുമെന്ന് പറയുന്നവരുണ്ട്. സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ പോലും നടക്കുമെന്ന് കരുതാത്ത കാര്യമാണ് ഇത്. അതില്‍ തന്നെ പുറത്ത് വന്ന എക്‌സിറ്റ് പോളുകള്‍ എത്രമാത്രം പക്ഷാപാതകരമാണെന്ന് വ്യക്തമാണ്, ബാക്കി എല്ലാം ജൂണ്‍ നാലിന് കാണാം' എംവി ഗോവിന്ദന്‍ പറഞ്ഞു.