മാസപ്പടി കേസില്‍ പിണറായി വിജയനോടുള്ള നിലപാടില്‍ ആത്മവഞ്ചന നടത്തിയവര്‍ അണികളെ ബോധ്യപ്പെടുത്തണം ; യൂത്ത് കോണ്‍ഗ്രസ് നേതാവ്

പകപോക്കല്‍ രാഷ്ട്രീയം കളിച്ചവര്‍ക്കെതിരെ ഉറച്ചുനിന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആത്മാഭിമാനം ഉണ്ട് എന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കുന്നത് നല്ലതാണ്!

 

ഉമ്മന്‍ ചാണ്ടി സാറിന്റെ രക്തവും ആ പവിത്രതയെ ബലാത്സംഗക്കേസില്‍ പ്രതിയാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയുള്ള ജനം ഉണര്‍ത്തിയ അടങ്ങാത്ത പ്രതിഷേധവുമാണ് യു.ഡി.എഫിനെ ഈ വന്‍വിജയത്തിലേക്ക് എത്തിച്ചത്

മാസപ്പടി കേസില്‍ പിണറായി വിജയനോടുള്ള നിലപാടില്‍ ആത്മവഞ്ചന നടത്തിയവര്‍ അണികളെ ബോധ്യപ്പെടുത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്. കടുത്ത വിമര്‍ശനമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍ ഉന്നയിച്ചത്. 'രാഷ്ട്രീയ വേട്ട' എന്ന ആരോപണം കേള്‍ക്കുമോ എന്ന ഭയത്തേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത്, പാര്‍ട്ടിക്ക് വേണ്ടി ചോരയും നീരും നല്‍കിയ ലക്ഷക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകരുടെ വികാരത്തിനാണ്. 140 അസംബ്ലി മണ്ഡലങ്ങളിലും നമ്മള്‍ ഉയര്‍ത്തിയ അതേ പോരാട്ടവീര്യം ഹൈക്കോടതിയിലെ ഓരോ വാദത്തിലും ഉണ്ടാകണം. ഈ വിട്ടുവീഴ്ചയില്ലാത്ത നിലപാട് അണികള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ബന്ധപ്പെട്ടവരും ആത്മവഞ്ചന നടത്തിയവരും ബാധ്യസ്ഥരാണെന്നും ദുല്‍ഖിഫില്‍ കുറിച്ചു.

വി പി ദുല്‍ഖിഫിലിന്റെ പോസ്റ്റ് ഇങ്ങനെ

ഉമ്മന്‍ ചാണ്ടി സാറിന്റെ രക്തവും ആ പവിത്രതയെ ബലാത്സംഗക്കേസില്‍ പ്രതിയാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയുള്ള ജനം ഉണര്‍ത്തിയ അടങ്ങാത്ത പ്രതിഷേധവുമാണ് യു.ഡി.എഫിനെ ഈ വന്‍വിജയത്തിലേക്ക് എത്തിച്ചത്! അത് ആരും മറക്കരുത്!

ഉമ്മന്‍ ചാണ്ടി സാറിന്റെ രക്തവും ആ കുടുംബത്തിന്റെ കണ്ണുനീരും കേരളത്തിന്റെ മണ്ണില്‍ ഇപ്പോഴും പച്ചപിടിച്ചു കിടക്കുന്നുണ്ട്! അത് വെറുമൊരു വാക്കല്ല, ആ മനസ്സ് വേദനിപ്പിച്ച് യാത്രയാക്കിയവരുടെ അനീതിക്കെതിരെയുള്ള ജനങ്ങളുടെ അടങ്ങാത്ത പ്രതിഷേധമാണ്. കൊല്ലപ്പെട്ട നമ്മുടെ സഹോദരങ്ങളായ കൃപേഷിനും ശരത് ലാലിനും ശുഹൈബിനും ഒക്കെ സ്‌നേഹമുള്ള കുടുംബങ്ങളും അവര്‍ക്കായി കാത്തിരുന്ന മനുഷ്യരും ഉണ്ടായിരുന്നുവെന്ന കാര്യവും ആരും സൗകര്യപൂര്‍വ്വം മറന്നുപോകരുത്!

പിണറായി വിജയന്റെ അഴിമതികള്‍ക്കെതിരെ ജീവിച്ചിരുന്ന കാലത്ത് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിച്ച പി.ടി. തോമസിന്റെ പോരാട്ടവീര്യം നമ്മള്‍ കണ്ടതാണ്. പിന്നീട് ആ വിഷയങ്ങള്‍ ഏറ്റെടുത്ത് പോരാടിയ മാത്യു കുഴല്‍നാടന്‍ എം.എല്‍.എയെയും കുടുംബത്തെയും പിണറായി സര്‍ക്കാര്‍ എങ്ങനെയൊക്കെ വേട്ടയാടി എന്ന് ആരും മറന്നിട്ടില്ല! അദ്ദേഹത്തിന്റെ ഓഫീസുകളിലും വീടുകളിലും വിജിലന്‍സിനെയും പോലീസിനെയും കയറ്റിവിട്ട് പകവീട്ടിയതും, പുനര്‍ജനി കേസിന്റെ പേരില്‍ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനെതിരെ അന്വേഷണം പ്രഖ്യാപിച്ച് വേട്ടയാടാന്‍ നോക്കിയതുമെല്ലാം അണികളുടെ മനസ്സിലുണ്ട്.

പകപോക്കല്‍ രാഷ്ട്രീയം കളിച്ചവര്‍ക്കെതിരെ ഉറച്ചുനിന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആത്മാഭിമാനം ഉണ്ട് എന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കുന്നത് നല്ലതാണ്!

ഇപ്പോഴുണ്ടായ അഴിമതി ആരോപണത്തില്‍ സാങ്കേതികമായി വ്യക്തത തേടിയതും, നിയമോപദേശത്തിന്റെ പേരില്‍ കേസ് നടപടികള്‍ വൈകിയതും ഒരു പരിധിവരെ മനസ്സിലാക്കാം. പക്ഷേ ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറലും (AG) പ്രോസിക്യൂഷനും സ്വീകരിച്ച മൃദുസമീപനം തികച്ചും സംശയാസ്പദമാണ്! അത് ഒരു കാരണവശാലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ല!

പിണറായി വിജയനെതിരെ കോടതിയില്‍ കേസ് വന്നപ്പോള്‍, ഹര്‍ജിക്കാരന്റെ വ്യക്തിശുദ്ധി ചോദ്യം ചെയ്യാനും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യിക്കാതിരിക്കാനും എ.ജി സ്വീകരിച്ച ഈ നിലപാട് ഏത് നീതിയുടെ ഭാഗമാണ്?

ഉമ്മന്‍ ചാണ്ടി സാറിനെതിരായി ഒരു വെള്ളക്കടലാസില്‍ എഴുതി വാങ്ങിയ, തെളിവിന്റെ ഒരംശം പോലുമില്ലാത്ത പരാതിയുടെ വിശ്വാസ്യത സൗകര്യപൂര്‍വ്വം മറന്നവരാണ് ഇപ്പോള്‍ കോടതിയില്‍ ഇത്തരം വാദങ്ങള്‍ നിരത്തുന്നത്!

ഒട്ടും വിശ്വാസ്യതയില്ലാത്ത ഒരു സോളാര്‍ തട്ടിപ്പുകാരിയില്‍ നിന്ന് പരാതി വാങ്ങി, തെളിവുകളില്ലെന്ന് സ്വന്തം കേരള പോലീസിന് ബോധ്യപ്പെട്ടിട്ടും ഉമ്മന്‍ ചാണ്ടി സാറിനെ ബലാത്സംഗക്കേസില്‍ പ്രതിയാക്കാന്‍ തുനിഞ്ഞ നീചമായ രാഷ്ട്രീയപ്രവര്‍ത്തിക്ക് നേതൃത്വം കൊടുത്ത വ്യക്തിയാണ് പിണറായി വിജയന്‍. സ്വന്തം പോലീസ് അന്വേഷിച്ച് ഒരു തുമ്പും കിട്ടാതിരുന്നിട്ടുകൂടി, ഉമ്മന്‍ ചാണ്ടി സാറിനെ തകര്‍ക്കാനായി കേന്ദ്രത്തിലെ ബി.ജെ.പി ഭരണത്തിലുള്ള സി.ബി.ഐക്ക് കേസ് അന്വേഷണം കൈമാറാന്‍ പിണറായി വിജയന് അന്ന് ഒരു മടിയും ഉണ്ടായിരുന്നില്ല! ആ മനുഷ്യത്വമില്ലാത്ത രാഷ്ട്രീയ വേട്ടയാടലിന് മുന്നിലാണ് എ.ജി ഇന്ന് മൃദുസമീപനത്തിന്റെ വിചിത്ര നാടകങ്ങള്‍ കളിക്കുന്നത്!

കൃപേഷിന്റെയും ശരത് ലാലിന്റെയും ശുഹൈബിന്റെയും ചോരയിറ്റുന്ന ശരീരങ്ങള്‍ കൈകളില്‍ ഏന്തി കണ്ണീരണിഞ്ഞ പ്രവര്‍ത്തകരുടെ മനസ്സും ഇവിടെയുണ്ട്. അന്നത്തെ ഭരണാധികാരികള്‍ കൊലയാളികളെ സംരക്ഷിക്കാന്‍ ഖജനാവിലെ കോടികള്‍ മുടക്കി വക്കീല്‍മാരെ ഇറക്കിയതും, ടി.പി. കേസ് പ്രതികള്‍ക്ക് തോന്നുംപടി പരോള്‍ നല്‍കിയതും നമ്മള്‍ കണ്ടതാണ്.

'രാഷ്ട്രീയ വേട്ട' എന്ന ആരോപണം കേള്‍ക്കുമോ എന്ന ഭയത്തേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത്, പാര്‍ട്ടിക്ക് വേണ്ടി ചോരയും നീരും നല്‍കിയ ലക്ഷക്കണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകരുടെ മനോവികാരത്തിനാണ്. 140 അസംബ്ലി മണ്ഡലങ്ങളിലും നമ്മള്‍ ഉയര്‍ത്തിയ അതേ പോരാട്ടവീര്യം ഹൈക്കോടതിയിലെ ഓരോ വാദത്തിലും ഉണ്ടാകണം. ഈ വിട്ടുവീഴ്ചയില്ലാത്ത നിലപാട് അണികള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ബന്ധപ്പെട്ടവരും ആത്മവഞ്ചന നടത്തിയവരും ബാധ്യസ്ഥരാണ്!