നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ് : സുഹൃത്തുക്കൾ ചതിച്ചെന്ന് തൊപ്പിയുടെ മൊഴി,കുറ്റം നിലനിൽക്കുമെന്ന് പൊലീസ്
സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. കുറ്റം നിലനിൽക്കുമെന്ന് കുറ്റപത്രത്തിൽ പൊലീസ് പറയുന്നു.
കൊച്ചി: സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. കുറ്റം നിലനിൽക്കുമെന്ന് കുറ്റപത്രത്തിൽ പൊലീസ് പറയുന്നു. ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.എറണാകുളം സിജെഎം കോടതിയിൽ റൂറൽ സൈബർ പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ചതിച്ചെന്ന് തൊപ്പി മൊഴി നൽകിയതായി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. തർക്കത്തെ തുടർന്നാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നും മൊഴിയിലുണ്ട്. കേസിൽ തൊപ്പിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തെ തീർപ്പാക്കിയിരുന്നു.
സോഷ്യൽ മീഡിയയിലൂടെയാണ് തൊപ്പി സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. തുടർന്ന് ആലുവ റൂറൽ പൊലീസ് കേസെടുക്കുകയായിരുന്നു. അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഐടി നിയമത്തിലെ വകുപ്പുകൾ പ്രകാരം നിഹാദിനെതിരെ കേസെടുത്തത്. തുടർന്ന് പൊലീസ് ഇയാളോട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കുകയും ചെയ്തിരുന്നു. പിന്നീടാണ് നിഹാദ് ചോദ്യം ചെയ്യലിന് ഹാജരായത്. പരാതികളെ തുടർന്ന് തൊപ്പിയുടെ യൂട്യൂബ് ചാനൽ നീക്കം ചെയ്തിരുന്നു. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
നിഹാദും നിഹാദിന്റെ എംആർസെഡ് ഗ്യാങ്ങിൽ ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ഷമീറും പരസ്പരം ആരോപണ- പ്രത്യാരോപണങ്ങൾ നടത്തിയിരുന്നു. നിഹാദിനെതിരെ മുഹമ്മദും ഷമീറും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. തൊപ്പി എംഡിഎംഎ ഉപയോഗിക്കുകയും പ്രായപൂർത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് സുഹൃത്തുക്കൾ ആരോപിച്ചത്. തൊപ്പിയുടെ മുറിയിൽ നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു. തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് അവർക്ക് പണം നൽകി പ്രശ്നം ഒതുക്കിയെന്നും ഇവർ ആരോപിച്ചിരുന്നു. ലൈവ് സ്ട്രീമിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ നിഹാദിന്റെ ഗ്യാങ്ങിലുണ്ടായിരുന്ന മുഹമ്മദ് എന്ന മമ്മുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.