തൊണ്ടിമുതൽ തിരിമറി കേസ് ; മുൻ മന്ത്രി ആൻ്റണി രാജുവിന്റെ തടവുശിക്ഷ മരവിപ്പിച്ച് കോടതി
തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രി ആൻ്റണി രാജുവിന് മേൽ കീഴ്ക്കോടതി വിധിച്ച മൂന്ന് വർഷത്തെ തടവുശിക്ഷ ജില്ലാ സെഷൻസ് കോടതി താൽക്കാലികമായി മരവിപ്പിച്ചു.
തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രി ആൻ്റണി രാജുവിന് മേൽ കീഴ്ക്കോടതി വിധിച്ച മൂന്ന് വർഷത്തെ തടവുശിക്ഷ ജില്ലാ സെഷൻസ് കോടതി താൽക്കാലികമായി മരവിപ്പിച്ചു. ആൻ്റണി രാജു സമർപ്പിച്ച അപ്പീൽ ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് ഈ നടപടി. എന്നാൽ, ശിക്ഷാ വിധി നടപ്പിലാക്കുന്നത് സ്റ്റേ ചെയ്തെങ്കിലും അദ്ദേഹം കുറ്റക്കാരനാണെന്ന വിധി നിലനിൽക്കും. ഇതുമൂലം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായുള്ള അയോഗ്യത തുടരുമെന്നാണ് നിയമവിദഗ്ധർ വ്യക്തമാക്കുന്നത്. അപ്പീലിൽ ഫെബ്രുവരി ആറിന് കോടതി വിശദമായ വാദം കേൾക്കും.
മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തിയെന്നാണ് കേസ്. ഈ കുറ്റത്തിന് ജനുവരി മൂന്നിനാണ് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ആൻ്റണി രാജുവിനും കോടതി ജീവനക്കാരനായിരുന്ന ഒന്നാം പ്രതി ജോസിനും മൂന്ന് വർഷം വീതം തടവ് ശിക്ഷ വിധിച്ചത്. തടവുശിക്ഷ ഏഴ് വർഷത്തിൽ താഴെയായതിനാൽ അപ്പീൽ നൽകുന്നതിനായി മജിസ്‌ട്രേറ്റ് കോടതി നേരത്തെ ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു. ശിക്ഷാ വിധി പൂർണ്ണമായും റദ്ദാക്കണമെന്നാണ് ആൻ്റണി രാജു അപ്പീലിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.