കിഫ്ബിയുടെ ക്യാഷ് ബാലൻസുകൊണ്ട് കളിക്കാനാണ് പരിപാടിയെങ്കിൽ നിർമാണ പ്രവർത്തികൾപോലും സ്തംഭിക്കും ; തോമസ് ഐസക്
കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിന് മുന്നിൽ വി.ഡി. സതീശൻ സർക്കാർ നിർലജ്ജം കീഴടങ്ങിയെന്ന് സി.പി.എം നേതാവും മുൻ ധനമന്ത്രിയുമായ ഡോ. ടി.എം. തോമസ് ഐസക്. കിഫ്ബിയുടെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം സംസ്ഥാനത്തിന്റെ വികസനത്തിന് ഏറ്റവും വലിയ ആഘാതമാവും. ബജറ്റിലെ പണംകൊണ്ട് മാത്രം കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിന് മുന്നിൽ വി.ഡി. സതീശൻ സർക്കാർ നിർലജ്ജം കീഴടങ്ങിയെന്ന് സി.പി.എം നേതാവും മുൻ ധനമന്ത്രിയുമായ ഡോ. ടി.എം. തോമസ് ഐസക്. കിഫ്ബിയുടെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം സംസ്ഥാനത്തിന്റെ വികസനത്തിന് ഏറ്റവും വലിയ ആഘാതമാവും. ബജറ്റിലെ പണംകൊണ്ട് മാത്രം കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കിഫ്ബിയുടെ ക്യാഷ് ബാലൻസുകൊണ്ട് കളിക്കാനാണ് സർക്കാറിന്റെ പരിപാടിയെങ്കിൽ വരുംവർഷങ്ങളിൽ നിർമാണ പ്രവർത്തികൾപോലും സ്തംഭിക്കുമെന്ന് തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
‘ഈ വർഷം സംസ്ഥാന സർക്കാറിന് അനുവദിച്ച വായ്പയുടെ നല്ലപങ്ക് എടുത്തു കഴിഞ്ഞു എന്നാണ് വാർത്തകൾ. അപ്പോൾ പിന്നെ ബജറ്റിൽ നിന്ന് കൊടുക്കാൻ പണം എവിടെയാ? അങ്ങനെ ചിന്തിച്ചപ്പോഴാണ് ധനമന്ത്രിയായ വി.ഡി. സതീശന്റെ ബുദ്ധി എനിക്ക് ബോധ്യപ്പെട്ടത്. കിട്ടിയ ഗ്രാന്റുകളുടെയും എടുത്ത വായ്പകളുടെയും ഏതാണ്ട് പതിരായിരത്തോളം കോടി രൂപ കാശായും ഡെപ്പോസിറ്റായും ഇപ്പോൾ കിഫ്ബിയിൽ കൈയിൽ ഉണ്ടാവണം.
അതിന്മേലാണ് പുതിയ ധനമന്ത്രിയുടെ നോട്ടം. കിഫ്ബിയുടെ സ്വതന്ത്രമായ പ്രവർത്തനം മരവിപ്പിക്കുമ്പോൾ ഈ പണം ട്രഷറിയിലേക്ക് വരും. അങ്ങനെ കടം വാങ്ങിയ പണം കൊണ്ട് ഇനിയൊരു ആറാട്ട് നടത്താനായിരിക്കണം പരിപാടി. ഒരുപക്ഷേ, യു.ഡി.എഫ് സർക്കാർ ഈ വർഷം രക്ഷപ്പെട്ടേക്കാം. ഇങ്ങനെ കിഫ്ബിയുടെ ക്യാഷ് ബാലൻസുകൊണ്ട് കളിക്കാനാണ് പരിപാടിയെങ്കിൽ വരും വർഷങ്ങളിൽ നിർമാണ പ്രവർത്തികൾപോലും സ്തംഭിക്കും.’ -തോമസ് ഐസക് വ്യക്തമാക്കി.