ശരണ്യക്കിത് രണ്ടാം ജന്മം. വഴിതെളിഞ്ഞത് കെ. സിയുടെ ഒറ്റഫോൺ കോളിൽ.

കാട് കാണാനോ മല കയറാനോ പോകുന്നവരില്‍ ആരെങ്കിലും കൂട്ടംതെറ്റിയെന്നു കേട്ടാല്‍ വനം വകുപ്പിനോ പോലീസിനോ വലിയ ഞെട്ടലുണ്ടാവാറില്ല. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് ഇങ്ങ് തിരിച്ചെത്തിക്കോളും എന്ന മട്ട്.

 

കോഴിക്കോട്: കാട് കാണാനോ മല കയറാനോ പോകുന്നവരില്‍ ആരെങ്കിലും കൂട്ടംതെറ്റിയെന്നു കേട്ടാല്‍ വനം വകുപ്പിനോ പോലീസിനോ വലിയ ഞെട്ടലുണ്ടാവാറില്ല. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് ഇങ്ങ് തിരിച്ചെത്തിക്കോളും എന്ന മട്ട്.

കര്‍ണാടകയിലെ മടിക്കേരിയില്‍ ട്രെക്കിങ്ങിനു പോയ ഐടി ഉദ്യോഗസ്ഥ നാദാപുരം സ്വദേശിനി ശരണ്യയെ കാണാതായ പരാതിയിലും ആദ്യദിവസങ്ങളില്‍ അതു തന്നെയായിരുന്നു സ്ഥിതി. പോലീസും വനംവകുപ്പുമെല്ലാം അന്വേഷിച്ചെങ്കിലും ആദ്യ മൂന്നു ദിവസവും കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല. പക്ഷേ, നാലാംദിവസം ചിത്രം മാറി. കര്‍ണാടക പോലീസും വനംവകുപ്പും പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് തിരച്ചിലിനിറങ്ങി. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുള്ള ഡ്രോണുകള്‍ മടിക്കേരിക്കാടിനു മുകളിലൂടെ പറന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രത്യേക നിര്‍ദേശപ്രകാരം സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സും രംഗത്തെത്തി. കര്‍ണാടക വനംവകുപ്പു മന്ത്രിയും ആഭ്യന്തര മന്ത്രിയും നേരിട്ട് ഇടപെട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപ്പിച്ചു. ഒന്നും രണ്ടുമല്ല, ഒരു ഡസനോളം ടീമുകളാണ് കാടുംമലയചും അരിച്ചു പെറുക്കിയത്. വൈകുന്നേരത്തോടെ ശരണ്യയെ സുരക്ഷിതയായി കണ്ടെത്തി.

ആദ്യമൂന്നു ദിവസം പതിവുമട്ടില്‍ ഇഴഞ്ഞുനീങ്ങിയ അന്വേഷണം നാലാം ദിവസം അസാധാരണമാം വിധം ഊര്‍ജിതമായതിനു പിന്നിലൊരു ഫോണ്‍കോളായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഫോണിലേക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി ഇന്നലെ രാവിലെ വിളിച്ച ആ വിളിയിലാണ് മടിക്കേരിക്കാട്ടിലെ രക്ഷാദൗത്യത്തിന്റെ ചിത്രം മാറിമറിഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തിരക്കുകള്‍ക്കിടയിലും മടിക്കേരിയില്‍ നിന്നുള്ള വിവരങ്ങളുടെ അപ്‌ഡേറ്റുകള്‍ക്കായി ഫോണിന്റെ അറ്റത്ത് കെസി കാത്തിരുന്നു. ഒടുവില്‍, ശരണ്യയെ കണ്ടെത്തിയതായി വൈകീട്ട് വിവരം ലഭിക്കുമ്പോള്‍ ഒരു പിതാവിന്റെ ആശ്വാസമായിരുന്നു കെ.സി.വേണുഗോപാലിന്റെ മുഖത്ത്.

നാദാപുരം ഇയ്യങ്കോട് സ്വദേശിനി ജി.എസ്.ശരണ്യയെ (36) ഈ മാസം രണ്ടാം തീയതി വ്യാഴാഴ്ചയാണ് മടിക്കേരി വനമേഖലയിലെ ഏറ്റവും ഉയരമേറിയ പ്രദേശത്തു നിന്ന് കാണാതായത്. വഴി തെറ്റിയതായി ഉച്ചയ്ക്ക് രണ്ടു മണിയോടെ താമസസ്ഥലത്ത് വിവരം കിട്ടിയെങ്കിലും കര്‍ണാടക വനംവകുപ്പിന്റെ അന്വേഷണത്തില്‍ കാര്യമായ തുമ്പൊന്നും കിട്ടിയില്ല. ശരണ്യയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ചോഫായതിനാല്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിയാതിരുന്നതാണ് അന്വേഷണത്തിനു തടസ്സമായത്. 3 ദിവസത്തെ തിരച്ചിലിലും ശരണ്യയെ കണ്ടെത്താതിരുന്നതോടെ വീട്ടുകാരും നാട്ടുകാരുമെല്ലാം ആശങ്കയിലായി.

മുഖ്യമന്ത്രി ഉള്‍പ്പെടെ കേരളത്തിലെ ഭരണാധികാരികളെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായതിനാല്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഔദ്യോഗികമായി വേണ്ടത്ര സമ്മര്‍ദം ചെലുത്താനും ആളുണ്ടായില്ല.ഇതിനിടയില്‍ ഇന്നലെ രാവിലെയാണ് വിവരം കെ.സി.വേണുഗോപാല്‍ എംപിയുടെ ശ്രദ്ധയില്‍ പെടുന്നത്. ഉടന്‍ ശരണ്യയുടെ അച്ഛനെ വിളിച്ച് വേണുഗോപാല്‍ ഇത്ര മാത്രം പറഞ്ഞു: 'പേടിക്കണ്ട. എത്രയും വേഗം ശരണ്യയെ തിരിച്ചെത്തിക്കും. എൻ്റെ വാക്ക് വിശ്വസിക്കുക'

ദീര്‍ഘകാലം കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ ചുമതലക്കാരനായിരുന്ന കെസിയുടെ ഫോണില്‍ നിന്ന് അടുത്ത വിളി പോയത് ഉറ്റസുഹൃത്തും കര്‍ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയ്ക്കായിരുന്നു. സിദ്ധരാമയ്യ ഹെലിക്കോപ്റ്ററിലായിരുന്നതിനാല്‍ അന്നേരം കിട്ടിയില്ല. ഉടന്‍ കര്‍ണാടക ആഭ്യന്തര മന്ത്രി പരമേശ്വരയുടെ ഫോണിലേക്ക് കെ.സി.വേണുഗോപാലിന്റെ വിളിയെത്തി. പിന്നാലെ വനംവകുപ്പ് മന്ത്രിയുമായും കെസി സംസാരിച്ചു. തുടര്‍ന്നു മുഖ്യമന്ത്രി തിരിച്ചു വിളിച്ചു. ഇതിനകം ആഭ്യന്തര മന്ത്രി ഡിജിപിക്കും, വനംമന്ത്രി ഫോറസ്റ്റ് മേധാവിക്കും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

വൈകാതെ കെ.സി.വേണുഗോപാലിന്റെ ഫോണിലേക്ക് കര്‍ണാടക വനംമന്ത്രിയുടെ സന്ദേശമെത്തി. ശരണ്യയെ കണ്ടെത്താന്‍ കര്‍ണാടസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്നതായിരുന്നു സന്ദേശം. പോലീസിന്റെയും വനംവകുപ്പിന്റെയും, ആദിവാസികളടങ്ങിയ പ്രാദേശിക സംഘത്തിന്റെയും തിരച്ചില്‍ കൂടാതെ നക്‌സല്‍ വിരുദ്ധ സേനയുടെ രണ്ട് ടീമുകളും വനംവകുപ്പിന്റെ അഞ്ച് പ്രത്യേക ടീമുകളും പോലീസിന്റെ ഡോഗ് സ്‌ക്വാഡും മാത്രമല്ല, കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം അത്യാധുനിക സജ്ജീകരണങ്ങളോടെ നൂറംഗ പ്രത്യേക സംഘവും തിരച്ചിലിനു നിയോഗിക്കപ്പെട്ടതായി സന്ദേശത്തിലുണ്ടായിരുന്നു. നിശ്ചിത ഇടവേളകളില്‍ കെസി ഒരു പിതാവിന്റെ ആകുലതയോടെയും ആകാംക്ഷയോടെയും കര്‍ണാടക സര്‍ക്കാരിലെ ഉന്നതരെ നിരന്തരം വിളിച്ചു കൊണ്ടിരുന്നു. ഒടുവില്‍ വൈകുന്നേരത്തോടെ ആ സന്ദേശം കെ.സി.വേണുഗോപാലിനെത്തേടിയെത്തി: 'ശരണ്യയെ കണ്ടെത്തിയിരിക്കുന്നു'.

കെസി ഇടപെട്ട് കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയതിനു ശേഷം ശരണ്യയെ കണ്ടെത്തുന്ന ഞായറാഴ്ച വൈകുന്നേരം മാത്രമാണ് പ്രശ്‌നത്തില്‍ കേരള സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രി പിണായി വിജയൻ  ഇടപെടുന്നത്. ആദ്യമൂന്നു ദിവസങ്ങളിലും സംസ്ഥാനം കാര്യമായി ഒന്നും ചെയ്തിരുന്നില്ല.  കണ്ണൂരിലെ സ്വന്തം മണ്ഡലത്തില്‍ പ്രചാരണത്തിന്റെയും റോഡ്‌ഷോയുടെയും തിരക്കിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഈ നിസംഗതയ്ക്ക് എതിരെ വിമർശനം ശക്തമാണ്.

രണ്ടു വര്‍ഷം മുന്‍പ് കര്‍ണാടകയിലെ ഷിരൂരില്‍ മലയിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ എന്ന ലോറി ഡ്രൈവറെ കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തി മൃതദേഹം കണ്ടെടുക്കാനായതും കര്‍ണാടക സര്‍ക്കാരില്‍ കെ.സി.വേണുഗോപാല്‍ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നായിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കര്‍ണാടകയിലെ കോണ്‍ഗ്രസ് മന്ത്രിസഭാ രൂപീകരണത്തിനു പിന്നിലും കെ.സി.വേണുഗോപാലിനു നിര്‍ണായക പങ്കുണ്ടായിരുന്നു. അതു കൊണ്ടു തന്നെ, കര്‍ണാടകയുമായി ബന്ധപ്പെട്ട് മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളിലെല്ലാം പരിഹാരത്തിന് കെ.സി.വേണുഗോപാലിന്റെ സജീവവും ഫലപദ്രദവുമായ ഇടപെടല്‍ ഉണ്ടാവാറുണ്ട്.