രാജ്യത്താകെ ആഞ്ഞുവീശാന്‍ പോകുന്ന പ്രക്ഷോഭ കൊടുങ്കാറ്റിന്റെ തുടക്കം മാത്രം, ഒരിഞ്ച് പിന്നോട്ടില്ല: പിണറായി വിജയന്‍

വിയോജിക്കാനും തെരുവിലിറങ്ങാനുമുള്ളത് പൗരന്റെ ഭരണഘടനാപരമായ അവകാശമാണ്.

 

ഭരണകൂട ഭീകരതയുടെ ബാരിക്കേഡുകള്‍ കൊണ്ട് തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നതല്ല ഇന്ത്യന്‍ ജനതയുടെ പോരാട്ടവീറെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ച് ജനാധിപത്യ പ്രക്രിയയെ നോക്കുകുത്തിയാക്കിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കുന്നതുവരെ പോരാട്ടത്തില്‍ നിന്നും ഒരിഞ്ചുപോലും പിന്നോട്ട് പോകില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഭരണകൂട ഭീകരതയുടെ ബാരിക്കേഡുകള്‍ കൊണ്ട് തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നതല്ല ഇന്ത്യന്‍ ജനതയുടെ പോരാട്ടവീറെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്

ഭരണകൂട ഭീകരതയുടെ ബാരിക്കേഡുകള്‍ കൊണ്ട് തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നതല്ല ഇന്ത്യന്‍ ജനതയുടെ പോരാട്ടവീറ്. ഡല്‍ഹി ജന്തര്‍ മന്തറില്‍ ഇന്ന് ആഞ്ഞടിച്ച ജനരോഷം ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും തച്ചുടയ്ക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ അജണ്ടകള്‍ക്കെതിരെയുള്ള അതിശക്തമായ താക്കീതാണ്.
അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളെ ഓര്‍മ്മിപ്പിക്കുകയാണ് സംഘപരിവാര്‍ നേതൃത്വം നല്‍കുന്നകേന്ദ്ര സര്‍ക്കാര്‍. സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെയും ജനപ്രതിനിധികളെയും ആയുധങ്ങളും അധികാര മുഷ്‌കും കൊണ്ടാണ് നേരിടുന്നത്. ജനങ്ങളോട് ശത്രു സൈന്യത്തോടെന്ന പോലെ യുദ്ധം പ്രഖ്യാപിക്കുന്ന ഈ ഭീരുത്വം ജനാധിപത്യത്തിന് വെല്ലുവിളിയാണ്. ലാത്തി കൊണ്ടോ, തടവറ കൊണ്ടോ, നിരോധനാജ്ഞ കൊണ്ടോ ജനതയുടെ ഇച്ഛാശക്തിയെ അടിച്ചമര്‍ത്താമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണ്. വിയോജിക്കാനും തെരുവിലിറങ്ങാനുമുള്ളത് പൗരന്റെ ഭരണഘടനാപരമായ അവകാശമാണ്.

തിരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ച് ജനാധിപത്യ പ്രക്രിയയെ നോക്കുകുത്തിയാക്കിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കും വരെ ഈ പോരാട്ടം ഒരിഞ്ചുപോലും പിന്നോട്ടില്ല. ഭയത്തിന്റെ മതിലുകള്‍ തകര്‍ത്ത് രാജ്യത്തിന്റെ വീണ്ടെടുപ്പിനായി തെരുവിലിറങ്ങിയ യുവത്വം ഈ രാജ്യത്തിന്റെ പ്രതീക്ഷാ നാളമാണ്. സമരഭൂമിയില്‍ അവര്‍ ആലപിക്കുന്ന ഗാനങ്ങള്‍ പോലും രാജ്യത്തിന്റെ മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും ഭരണഘടനാ മൂല്യങ്ങളുടെയും അലംഘനീയമായ പ്രഖ്യാപനങ്ങളാണ്. യുവജനങ്ങളോടൊപ്പം സമരത്തില്‍ അണിചേരുക എന്നത് ഈ രാജ്യവും ഇതിന്റെ ഏകത്വവും ജനാധിപത്യം മതേതര മൂല്യങ്ങളും നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.

ഇന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം നഗരം ചുറ്റിച്ചപ്പോഴും ഏറ്റവും പ്രധാനപ്പെട്ട പല നേതാക്കളെയും വലിച്ചിഴച്ചപ്പോഴും സമര സഖാക്കളെ തെരുവില്‍ക്രൂരമായി കൈകാര്യം ചെയ്തപ്പോഴും ഒരാള്‍ പോലും പതറാതെ മുഷ്ടിചുരുട്ടി മുദ്രാവാക്യം മുഴക്കിയത് ഈ രാജ്യം വര്‍ഗീയതയുടെയും സ്വച്ഛാധിപത്യത്തിന്റെയും കോട്ടകള്‍ തകര്‍ത്ത് മുന്നോട്ടുപോകും എന്ന ഇന്ത്യന്‍ ജനതയുടെ തീരുമാനമാണ്.

ഒരു ചുഴലി കൊടുങ്കാറ്റിന്റെ പ്രഭവകേന്ദ്രമായാണ് ഇന്ന് ജന്തര്‍ മന്തര്‍ മാറിയത്. രാജ്യത്താകെ ആഞ്ഞുവീശാന്‍ പോകുന്ന പ്രക്ഷോഭ കൊടുങ്കാറ്റിന്റെ സാര്‍ഥകമായ തുടക്കം ആണിത്. സമരത്തില്‍ പങ്കാളികളായവര്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവര്‍ക്കും അഭിവാദ്യങ്ങള്‍.