ശബരിമലയിൽ തിരുവോണ സദ്യ മുടങ്ങിയ സംഭവം; അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി ദേവസ്വം മന്ത്രി കെ. മുരളീധരൻ 

  ശബരിമല സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങിയെന്ന വിവാദത്തിൽ അടിയന്തര അന്വേഷണം നടത്താൻ ദേവസ്വം മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് മന്ത്രി അന്വേഷണത്തിന് നിർദേശം നൽകിയത്.

 

 തിരുവനന്തപുരം : ശബരിമല സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങിയെന്ന വിവാദത്തിൽ അടിയന്തര അന്വേഷണം നടത്താൻ ദേവസ്വം മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് മന്ത്രി അന്വേഷണത്തിന് നിർദേശം നൽകിയത്.

മുൻ സംവിധാനങ്ങളിൽ വരുത്തിയ മാറ്റങ്ങൾക്കിടെ ഏകോപനത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കണമെന്ന് മന്ത്രി നിർദേശിച്ചു. വീഴ്ച കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്നദാനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് കൃത്യമായ നടപടിക്രമങ്ങൾ രൂപീകരിക്കണമെന്നും മന്ത്രി ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. തീർഥാടകർക്ക് ആവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.

അതേസമയം, ശബരിമലയിൽ തിരുവോണ സദ്യ മുടങ്ങിയെന്ന വാദം ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.എസ്. ജയകുമാർ തള്ളി. തിരുവോണ സദ്യ മുടങ്ങുന്ന സാഹചര്യം സന്നിധാനത്ത് ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

വിവാദത്തിന്റെ പശ്ചാത്തലത്തിൽ ദേവസ്വം ബോർഡിന്റെ വിശദീകരണവും അന്വേഷണ റിപ്പോർട്ടും നിർണായകമാകും.