തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു

 തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ ഒൻപത് വർഷത്തിന് ശേഷം വീണ്ടും സീബ്രകൾ എത്തുന്നു. ഗുജറാത്തിലെ ഗ്രീൻസ് വൈൽഡ് ലൈഫ്
 

 തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ ഒൻപത് വർഷത്തിന് ശേഷം വീണ്ടും സീബ്രകൾ എത്തുന്നു. ഗുജറാത്തിലെ ഗ്രീൻസ് വൈൽഡ് ലൈഫ് റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ നിന്ന് ഒരു ജോഡി സീബ്രകളെ തിരുവനന്തപുരത്ത് എത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായി മ്യൂസിയം മൃഗശാല വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് അറിയിച്ചു. 2017-ൽ പ്രായാധിക്യം മൂലം അവസാനത്തെ സീബ്ര ചത്തതിന് ശേഷമാണ് മൃഗശാലയിൽ സീബ്രകളുടെ സാന്നിധ്യം ഇല്ലാതായത്.

ഗുജറാത്തിൽ നിന്നുള്ള മൂന്നും അഞ്ചും വയസ്സുള്ള സീബ്രകളെ പ്രത്യേകം തയ്യാറാക്കിയ അനിമൽ ആംബുലൻസിൽ റോഡ് മാർഗ്ഗമാണ് എത്തിക്കുന്നത്. വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്ന് ദിവസം നീളുന്ന യാത്രയിൽ ഇവയെ അനുഗമിക്കുന്നത്. പകരം തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഒരു ആൺ സിംഹവാലൻ കുരങ്ങനെയും ഒരു രാജവെമ്പാലയെയും ഗുജറാത്തിലെ വൻതാരയിലേക്ക് നൽകും.

ഓണാവധിക്കാലത്ത് തന്നെ സന്ദർശകർക്ക് സീബ്രകളെ കാണാൻ കഴിയുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് മൃഗശാല സൂപ്രണ്ട് ടി. വി. അനിൽ കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്നത്. വർഷങ്ങൾക്ക് ശേഷം സീബ്രകൾ വീണ്ടും എത്തുമ്പോൾ ഇത്തവണത്തെ ഓണക്കാലത്ത് മൃഗശാലയിൽ വലിയ ജനത്തിരക്ക് അനുഭവപ്പെടുമെന്നാണ് മൃഗശാല ഡയറക്ടർ മഞ്ജുളാദേവി വ്യക്തമാക്കുന്നത്.