തിരുവനന്തപുരത്ത് മഴ കനക്കുന്നു

തലസ്ഥാനത്ത് മഴ കനക്കുന്നു. വിതുര - പൊന്മുടി മേഖലയിൽ ശക്തമായ മഴയെ തുടർന്ന് വാമനപുരം നദിയിൽ ജലനിരപ്പ് ഉയർന്നു. ജില്ലയിൽ അതിശക്തമായ മഴക്ക് സാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

 

തിരുവനന്തപുരം: തലസ്ഥാനത്ത് മഴ കനക്കുന്നു. വിതുര - പൊന്മുടി മേഖലയിൽ ശക്തമായ മഴയെ തുടർന്ന് വാമനപുരം നദിയിൽ ജലനിരപ്പ് ഉയർന്നു. ജില്ലയിൽ അതിശക്തമായ മഴക്ക് സാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് സൂര്യകാന്തി പാലം, പൊന്നാം ചുണ്ട് പാലം എന്നിവ മുങ്ങി. മക്കിയാർ കര കവിഞ്ഞ് മക്കി, മരുതാമല, പേപ്പാറ, ആനപ്പാറ മേഖലകളിൽ വീടുകളിൽ വെളളം കയറി. വിതുര പഞ്ചായത്തിലെ മണിതൂക്കി, മരുതാമല വാർഡുകളിൽ വെള്ളം കയറിയ വീടുകളിൽ ഉള്ളവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

പേപ്പാറ ഡാമിന്റെ റിസർവോയറിൽ നിന്നുള്ള വെള്ളം വന്നതോടെ പേപ്പാറ പൊടിയക്കാല ആദിവാസി ഊരിലേക്കുള്ള വഴിയിലും വെള്ളം കയറി. ഇതേതുടർന്ന് പൊടിയക്കാല ഊര് ഒറ്റപ്പെട്ടു. തിരുവനന്തപുരത്ത് മലയോര മേഖലയിൽ മഴ കനക്കുകയാണ്. കൊല്ലത്തും മഴ ശക്തമാണ്.ചാത്തന്നൂരിൽ സർവ്വീസ് റോഡുകൾ മുങ്ങി. ഗതാഗതം സ്തംഭിച്ചു. വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി.