തിരുവനന്തപുരം കോര്‍പറേഷന്‍ സംഘർഷം;  പൊലീസ് എടുത്ത കേസില്‍ പിഴവ്, ദീപക് ദേവ് പ്രതിയായി

കോർപ്പറേഷനിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് എടുത്ത കേസില്‍ പിഴവ്.പ്രതിപ്പട്ടികയിലെ സിപിഎം കൗണ്‍സിലറുടെ പേരില്‍ പൊലീസ് പിഴവ് വരുത്തിയതാണ് രാഷ്ട്രീയരംഗത്ത് ചര്‍ച്ചയായത്. ഒന്നാം പ്രതിയായ എസ് പി ദീപക്കിന്റെ പേരിനു പകരം ദീപക് ദേവ് എന്നാണ് എഴുതിയിരിക്കുന്നത്. പിഴവ് വന്നതോടെ എഫ്ഐആര്‍ തിരുത്തുമെന്ന് പൊലീസ് അറിയിച്ചു. 

 

തിരുവനന്തപുരം: കോർപ്പറേഷനിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് എടുത്ത കേസില്‍ പിഴവ്.പ്രതിപ്പട്ടികയിലെ സിപിഎം കൗണ്‍സിലറുടെ പേരില്‍ പൊലീസ് പിഴവ് വരുത്തിയതാണ് രാഷ്ട്രീയരംഗത്ത് ചര്‍ച്ചയായത്. ഒന്നാം പ്രതിയായ എസ് പി ദീപക്കിന്റെ പേരിനു പകരം ദീപക് ദേവ് എന്നാണ് എഴുതിയിരിക്കുന്നത്. പിഴവ് വന്നതോടെ എഫ്ഐആര്‍ തിരുത്തുമെന്ന് പൊലീസ് അറിയിച്ചു. 

സത്യപ്രതിജ്ഞാ വിവാദത്തില്‍ ഇന്നലെ ബിജെപി-സിപിഎം കൗണ്‍സിലര്‍മാര്‍ തമ്മിലടിച്ചതുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് പൊലീസ് എടുത്തിരിക്കുന്നത്. എല്‍ഡിഎഫ് കൗണ്‍സിലര്‍ സിന്ധു ശശിയുടെ പരാതിയില്‍ മേയര്‍ക്കും ഡപ്യൂട്ടി മേയര്‍ക്കും എതിരെയും ബിജെപി കൗണ്‍സിലര്‍ ശ്രുതിയുടെ പരാതിയില്‍ എസ്പി ദീപക്, മുന്‍ മേയര്‍ ശ്രീകുമാര്‍, വഞ്ചിയൂര്‍ ബാബു അടക്കം അഞ്ച് പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. അതിനിടെയാണ് പ്രതിപ്പട്ടികയിലെ സിപിഎം കൗണ്‍സിലറുടെ പേരില്‍ പിഴവ് കടന്നുകൂടിയത്. സംഗീത സംവിധായകന്‍ ദീപക് ദേവ് ആണോ പ്രതി എന്ന തരത്തില്‍ നിരവധി ചോദ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ മേയര്‍ വി വി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. ചികിത്സ തേടിയ മേയറുടെ കാലില്‍ പ്ലാസ്റ്ററിട്ടു. ഡെപ്യൂട്ടി മേയര്‍ ആശാനാഥ് ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്ക് പരിക്കുണ്ട്.
ഓഫീസില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ സിപിഎം കൗണ്‍സിലര്‍മാര്‍ മേയറെ തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രതിഷേധത്തിനിടെ മേയറും ഡെപ്യൂട്ടി മേയറും ഓഫീസിലേക്കെത്തി. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിരോധവുമായി രംഗത്തെത്തി. മേയറും ഡെപ്യൂട്ടി മേയറും ബലംപ്രയോഗിച്ച് ഓഫീസില്‍ കയറി. ഇതിനിടെ ഉന്തിലും തള്ളിലും സിപിഎം വനിത കൗണ്‍സിലറുടെ തലയ്ക്ക് പരിക്കേറ്റു. ഇവരെയും ആശുപത്രിയിലേക്ക് മാറ്റി.