തിരുവനന്തപുരത്ത് വിദ്യാർഥിനിയെ ബസിൽ പീഡിപ്പിച്ച കണ്ടക്ടർക്ക് നാലുവർഷം കഠിനതടവ്
തിരുവനന്തപുരം : പ്ലസ് ടു വിദ്യാർഥിനിയെ ബസിൽ പീഡിപ്പിച്ച കണ്ടക്ടർ സന്തോഷ്കുമാറിനെ(43) നാലുവർഷം കഠിനതടവിനും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖയാണ് ശിക്ഷ വിധിച്ചത്.
പിഴതുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു. 2022 ഡിസംബർ എട്ടിന് രാവിലെ കുട്ടി ബസിൽ സ്കൂളിൽ പോകുമ്പോഴാണ്സംഭവം. കുട്ടി കയറിയത് മുതൽ കണ്ടക്ടർ ശല്യപ്പെടുത്തിയിരുന്നു. സ്റ്റോപ്പിലിറങ്ങുമ്പോൾ കുട്ടിയുടെ സ്വകര്യ ഭാഗങ്ങളിൽ പിടിച്ചു.
കുട്ടി ഭയന്ന് ഓടിപ്പോയി കൂട്ടുകാരികളോട് വിവരം പറഞ്ഞു. കുട്ടിയും കൂട്ടുകാരികളും ചേർന്ന് പ്രിൻസിപ്പലിനെ അറിയിച്ചു. പ്രിൻസിപ്പൽ പൊലീസിന് വിവരം നൽകി. പൊലീസ് സ്വകാര്യ ബസ് തടഞ്ഞു നിർത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി. പേരൂർക്കട എസ്.ഐ വിനോദ് വി.കെ ആണ് കേസ് അന്വേഷിച്ചത്.