തിരുവല്ലയിൽ ടാങ്കളുകളിൽ എത്തിക്കുന്ന കക്കൂസ് മാലിന്യം തള്ളുന്നത് നടുറോഡിൽ ; തീരാ ദുരിതത്തിലായി യാത്രക്കാർ
ടാങ്കളുകളിൽ എത്തിക്കുന്ന കക്കൂസ് മാലിന്യം നടുറോഡിൽ അടക്കം തള്ളുന്നത് മൂലം തീരാ ദുരിതത്തിലായി യാത്രക്കാർ. തിരുവല്ലയിലെ കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിനെയും എം സി റോഡിനെയും ബന്ധിപ്പിക്കുന്ന ആലംതുരുത്തി മുട്ടത്ത് പടി - പ്ലംചുവട് റോഡിൽ പതിവാകുന്ന മാലിന്യ നിക്ഷേപമാണ് നാട്ടുകാർക്കും യാത്രക്കാർക്കും ഒരുപോലെ ദുരിതം വിതയ്ക്കുന്നത്. നൂറുകണക്കിന് യാത്രക്കാർ പ്രതിദിനം ഉപയോഗിക്കുന്ന റോഡാണ് ഇത്.
തിരുവല്ല : ടാങ്കളുകളിൽ എത്തിക്കുന്ന കക്കൂസ് മാലിന്യം നടുറോഡിൽ അടക്കം തള്ളുന്നത് മൂലം തീരാ ദുരിതത്തിലായി യാത്രക്കാർ. തിരുവല്ലയിലെ കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിനെയും എം സി റോഡിനെയും ബന്ധിപ്പിക്കുന്ന ആലംതുരുത്തി മുട്ടത്ത് പടി - പ്ലംചുവട് റോഡിൽ പതിവാകുന്ന മാലിന്യ നിക്ഷേപമാണ് നാട്ടുകാർക്കും യാത്രക്കാർക്കും ഒരുപോലെ ദുരിതം വിതയ്ക്കുന്നത്. നൂറുകണക്കിന് യാത്രക്കാർ പ്രതിദിനം ഉപയോഗിക്കുന്ന റോഡാണ് ഇത്. ചൊവ്വാഴ്ച രാത്രിയിലും റോഡിൻറെ തുടക്ക ഭാഗമായ മുട്ടത്ത് പടി കലുങ്കിന് സമീപം ടാങ്കറിൽ എത്തിച്ച കക്കൂസ് മാലിന്യം നടുറോഡിലും റോഡിനോട് ചേർന്ന് ഒഴുകുന്ന തോട്ടിലുമായി നിക്ഷേപിച്ചു. ബുധനാഴ്ച പുലർച്ചയോടെയാണ് മാലിന്യം തള്ളിയ വിവരം പ്രദേശവാസികൾ ശ്രദ്ധിക്കുന്നത്.
കക്കൂസ് മാലിന്യം ആണെന്ന് അറിയാതെ കാൽനടക്കാർ അടക്കം നിരവധി പേരാണ് ഇതുവഴി കടന്നുപോകുന്നത്. പ്രദേശവാസികൾ ഇടപെട്ട് കാൽനടക്കാരും ഇരുചക്ര വാഹന യാത്രക്കാർ അടക്കം ഉള്ളവരെ മടക്കി അയക്കുന്നുമുണ്ട്. നെൽകൃഷി വ്യാപകമായി ഉള്ള പ്രദേശമാണിത്. ആലംതുരുത്തി പാടം അടക്കമുള്ള പാടശേഖരങ്ങളിലേക്ക് നെൽകൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കേണ്ട കൈത്തോട്ടിലാണ് കക്കൂസ് മാലിന്യം തള്ളുന്നത്. ഇത് വലിയതോതിലുള്ള ആരോഗ്യ ഭീഷണിയാണ് ഉയർത്തുന്നത്. ഒരു വർഷം മുമ്പ് ഇതേ ഭാഗത്ത് തോട്ടിലേക്കടക്കം വലിയ തോതിൽ കക്കൂസ് മാലിന്യം തള്ളിയതിൽ പ്രതിഷേധിച്ച് വാർഡ് മെമ്പർ അടക്കമുള്ളവർ റോഡ് ഉപരോധിച്ചിരുന്നു.
തുടർന്ന് തിരുവല്ലയിൽ നിന്നും അഗ്നിശമനസേനയെ എത്തി റോഡ് കഴുകി വൃത്തിയാക്കുകയായിരുന്നു. ഇതിന് പിന്നാലെ തിരുവല്ല പോലീസ് പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മാലിന്യം തള്ളിയ ടാങ്കർ ലോറി പിടിച്ചെടുക്കുകയും ചെയ്തു. ഒരു മാസത്തിനുശേഷം വാഹനം പെറ്റി നൽകി വിട്ടയച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി കാവുംഭാഗം - ഇടിഞ്ഞില്ലം, മുട്ടത്ത് - പ്ലംചുവട്, എം സി റോഡിലെ പെരുന്തുരുത്തി എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിലും കൈത്തോടുകളിലും ആളൊഴിഞ്ഞ പുരയിടങ്ങളിലും കക്കൂസ് മാലിന്യം തള്ളുന്നത് പതിവായി മാറിയിരിക്കുകയാണ് എന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നും രാത്രികാല പോലീസ് പെട്രോളിങ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്ന. മാലിന്യ നിക്ഷേപിക്കുന്നവരെ പിടികൂടുന്നതിനായി രാത്രികാല സ്ക്വാർഡിന് രൂപം നൽകുമെന്ന് വാർഡ് മെമ്പർ റോയി വർഗീസ് പറഞ്ഞു.