ബൈക്കിന് സൈഡ് നൽകിയില്ല ; തിരുവല്ലയിൽ കാര്‍ തടഞ്ഞുനിര്‍ത്തി റിട്ട. പ്രൊഫസറുടെ മൂക്ക് ഇടിച്ചു തകര്‍ത്ത പ്രതി അറസ്റ്റില്‍

ബൈക്കിന് വശം നൽകിയില്ല എന്ന് ആരോപിച്ച് റിട്ടയേഡ് പ്രൊഫസറുടെ കാർ തടഞ്ഞുനിർത്തി മൂക്കിൻറെ അസ്ഥി ഇടിച്ച് തകർത്ത സംഭവത്തിൽ പ്രതിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. വളഞ്ഞവട്ടം പെരുമ്പുയിൽ എബി മാത്യു ( 41 ) ആണ് അറസ്റ്റിൽ ആയത്.

 

തിരുവല്ല : ബൈക്കിന് വശം നൽകിയില്ല എന്ന് ആരോപിച്ച് റിട്ടയേഡ് പ്രൊഫസറുടെ കാർ തടഞ്ഞുനിർത്തി മൂക്കിൻറെ അസ്ഥി ഇടിച്ച് തകർത്ത സംഭവത്തിൽ പ്രതിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. വളഞ്ഞവട്ടം പെരുമ്പുയിൽ എബി മാത്യു ( 41 ) ആണ് അറസ്റ്റിൽ ആയത്.

മാവേലിക്കര കല്ലുപ്പുറത്ത് കൊട്ടാരത്തിൽ ആൻറണി ജോർജ് (62) നെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. പുളിക്കീഴ് ബ്ലോക്ക് ഓഫീസിന് സമീപമായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മാവേലിക്കരയിൽ നിന്നും തിരുവല്ലയിലേക്ക് കാർ ഓടിച്ചു വരികയായിരുന്നു ആൻറണി ജോർജ്.  

പിന്നാലെ ബൈക്കിൽ എത്തിയ പ്രതി തനിക്ക് കടന്നുപോകാൻ വശം നൽകിയില്ല എന്നതിൽ ക്ഷുഭിതനായി കാർ തടയുകയും അസഭ്യം വിളിച്ച് ഇടി വള ഉപയോഗിച്ച് മുഖത്ത് ഇടിക്കുകയും ആയിരുന്നു. ആക്രമണത്തിൽ ആൻറണിയുടെ മൂക്കിൻറെ പാലത്തിന് പൊട്ടലും കണ്ണിന് താഴെ മുറിവും ഉണ്ടായി.

സിസിടിവികൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ് ഐ മാരായ കെ സുരേന്ദ്രൻ, കുരുവിള സക്കറിയ, എ എസ് ഐ രാജേഷ്, സി പി ഒ മാരായ സുധീപ്, സുജിത്ത്, രഞ്ചു, രജീഷ്.ആർ, കൺട്രോൾ റൂം സിപിഒ ആനന്ദ് വി ആർ നായർ, പുളിക്കീഴ് സ്റ്റേഷൻ സൈബർ വാളണ്ടിയർ ഗിരീഷ് ഹരിദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.