തിരുവല്ലയിൽ ഇരുനില വീടിന് തീപിടിച്ചു

തിരുവല്ലയിലെ മഞ്ഞാടിയിൽ ഇരുനില വീടിന് തീപിടിച്ചു. അഗ്നിശമനസേന എത്തി ഒരു മണിക്കൂർ നേരത്തോ

 

തിരുവല്ല : തിരുവല്ലയിലെ മഞ്ഞാടിയിൽ ഇരുനില വീടിന് തീപിടിച്ചു. അഗ്നിശമനസേന എത്തി ഒരു മണിക്കൂർ നേരത്തോളം നടത്തിയ രക്ഷാപ്രവർത്തനത്തിന് ഒടുവിൽ തീ അണച്ചു. മഞ്ഞാടി സോളി മൻസിലിൽ നസീമയുടെ വീടിനാണ് തീപിടിച്ചത്. ബുധനാഴ്ച വൈകിട്ട് 4 മണിയോടെ ആയിരുന്നു സംഭവം. തിരുവല്ല നഗരത്തിൽ വ്യാപാര സ്ഥാപനം നടത്തുന്ന നസീമ തീപിടിക്കുന്ന സമയം വീട്ടിൽ ഉണ്ടായിരുന്നില്ല.

വീടിനുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട സമീപവാസികൾ നസീമയെ ഫോണിൽ വിവരം അറിയിച്ചു. ഇതിന് പിന്നാലെ തിരുവല്ലയിലെ അഗ്നിശമനസേനയിലും വിവരം അറിയിക്കുന്നു. നസീമ എത്തി വീട് തുറക്കുമ്പോഴേക്കും താഴത്തെ നിലയിലെ കിടപ്പുമുറിയിലും ഇതിനോട് ചേർന്ന് ബാത്റൂമിലും തീ ആളിപ്പടർന്നിരുന്നു.

പിന്നാലെ എത്തിയ അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റിലെ ഉദ്യോഗസ്ഥർ ചേർന്ന് ഏറെ പണിപ്പെട്ട് തീ അണക്കുകയായിരുന്നു. കിടപ്പുമുറിയിലെ എസി , ഫാനുകൾ ഇലക്ട്രിക് ഹീറ്റർ, കട്ടിൽ, അലമാര, ലൈറ്റുകൾ എന്നിവയെല്ലാം കത്തി നശിച്ചു. വീട്ടിലെ വയറിങ്ങും കത്തിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് ഇടയാക്കിയത് എന്നതാണ് പ്രാഥമിക നിഗമനം.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ സതീഷ് കുമാർ, ഓഫീസർമാരായ ബിജു ടി എബ്രഹാം, ദേവൻ, വി പ്രശാന്ത്,ദിനുരാജ്, സാബു തോമസ്, ഉമറുൾ ഫറൂക്, സനിൽ, സജിമോൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.