ചരിത്രം കുറിച്ച് തിരുവല്ല ; പട്ടികജാതി വിഭാഗത്തിൽ നിന്ന് ആദ്യ ചെയർമാൻ അധികാരത്തിലേക്ക്
103 വർഷത്തെ പാരമ്പര്യം പേറുന്ന തിരുവല്ല നഗരസഭയിൽ ചരിത്രത്തിൽ ആദ്യമായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആൾ ചെയർമാൻ സ്ഥാനത്തേക്ക് എത്തുന്നു. 1922 രൂപീകൃതമായ തിരുവല്ല നഗരസഭയിൽ ആദ്യ ചെയർമാൻ
തിരുവല്ല : 103 വർഷത്തെ പാരമ്പര്യം പേറുന്ന തിരുവല്ല നഗരസഭയിൽ ചരിത്രത്തിൽ ആദ്യമായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആൾ ചെയർമാൻ സ്ഥാനത്തേക്ക് എത്തുന്നു. 1922 രൂപീകൃതമായ തിരുവല്ല നഗരസഭയിൽ ആദ്യ ചെയർമാൻ സ്ഥാനം അലങ്കരിച്ചത് റാവു സാഹിബ് സഖറിയ ആയിരുന്നു. തുടർന്ന് ആർ. പൽപ്പു പിള്ള , മാമ്മൻ വർഗീസ് , കെ എൻ മാമ്മൻ മാപ്പിള, എം ഇ മാധവൻ പിള്ള , ഒ സി നൈനാൻ എന്നിവരുടെ അടങ്ങുന്ന പ്രഗൽഭരായ നിരവധി പേർ തിരുവല്ല നഗരസഭയുടെ അധ്യക്ഷ സ്ഥാനം വഹിച്ചു. 37 മത് ചെയർപേഴ്സൺ ആയാണ് യുഡിഎഫിൽ നിന്നുള്ള പട്ടികജാതി വനിതാ വിഭാഗത്തിൽ പെടുന്ന വിജയി സ്ഥാനം അലങ്കരിക്കുന്നത്.
39 വാർഡുകൾ ഉള്ള നഗരസഭയിൽ ഇക്കുറി 18 സീറ്റുകളിലാണ് യുഡിഎഫ് വിജയിച്ചുകയറിയത്. 8 സീറ്റുകൾ വീതം കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും പങ്കിട്ടപ്പോൾ മുസ്ലിംലീഗിന്റെയും ആർഎസ്പിയുടെയും ഓരോ സ്ഥാനാർത്ഥികളും വിജയിച്ചു. പട്ടികജാതി വനിതാ സംവരണ സീറ്റുകളിൽ നിന്നും വിജയിച്ച ഇരുപത്തിയൊന്നാം വാർഡ് ആയ തിരുമൂലപുരം വെസ്റ്റിൽ നിന്നും യുഡിഎഫിലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച എസ് ലേഖ, അഞ്ചാം വാർഡ് ആയ വാരിക്കാട് നിന്നും മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി വിജയിച്ച വിദ്യ വിജയൻ എന്നിവരെയാണ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.
സിപിഎം 9, സിപിഐ രണ്ട്, കേരള കോൺഗ്രസ് മാണി വിഭാഗം 3 എന്നതാണ് 14 സീറ്റുകളിൽ വിജയിച്ച എൽഡിഎഫിൻ്റെ കക്ഷിനില. പട്ടികജാതി വനിതാ സംവരണത്തിൽ ഉൾപ്പെടുന്ന രണ്ട് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ എൽഡിഎഫിന് കഴിഞ്ഞു എങ്കിലും ഭരിക്കാൻ ആവശ്യമായ വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാൽ മത്സര രംഗത്തുനിന്നും എൽഡിഎഫ് പിന്മാറും എന്നതാണ് നേതാക്കന്മാരിൽ നിന്നും ലഭിക്കുന്ന സൂചന. എൻഡിഎയ്ക്ക് 7 സീറ്റുകളാണ് നഗരസഭയിൽ ഉള്ളത്. അതേസമയം അധ്യക്ഷ ആരാവണം എന്ന കാര്യത്തിൽ യുഡിഎഫിനുള്ളിൽ ചർച്ച ചെയ്ത് തീരുമാനം എടുക്കുമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ. വർഗീസ് മാമൻ പ്രതികരിച്ചു. എന്നിരുന്നാലും എട്ടു സീറ്റുകൾ നിലവിലുള്ള കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ എസ് ലേഖ ചെയർപേഴ്സൺ ആവുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.