കള്ളന് മാനസാന്തരം; മോഷണം പോയ 10 പവനും 90,000 രൂപയും ഉടമയ്ക്ക് തിരികെ നൽകി 

കള്ളന് മാനസാന്തരം വന്നപ്പോൾ, മോഷണം പോയ 10 പവനും 90,000 രൂപയും ഉടമയ്ക്ക് തിരികെ നൽകി . ഗൃഹനാഥൻ വീട് പൂട്ടിപ്പോകുമ്പോൾ സിറ്റൗട്ടിലെ ഷൂവിനുള്ളിൽ സൂക്ഷിച്ച താക്കോലെടുത്ത് വീടുതുറന്ന് മോഷ്ടിച്ച സ്വർണവും പണവുമാണ് കള്ളൻ  തിരിച്ചുനൽകിയത്.
 

ആലത്തൂർ: കള്ളന് മാനസാന്തരം വന്നപ്പോൾ, മോഷണം പോയ 10 പവനും 90,000 രൂപയും ഉടമയ്ക്ക് തിരികെ നൽകി . ഗൃഹനാഥൻ വീട് പൂട്ടിപ്പോകുമ്പോൾ സിറ്റൗട്ടിലെ ഷൂവിനുള്ളിൽ സൂക്ഷിച്ച താക്കോലെടുത്ത് വീടുതുറന്ന് മോഷ്ടിച്ച സ്വർണവും പണവുമാണ് കള്ളൻ  തിരിച്ചുനൽകിയത്.

വീട്ടുമുറ്റത്തെ കിണറിനുസമീപം ഞായറാഴ്ച രാവിലെ ചെറിയ കടലാസ് പെട്ടി ഇരിക്കുന്നതുകണ്ട് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് മോഷണംപോയ സ്വർണവും പണവുമാണ് അതിനുള്ളിലെന്ന് കണ്ടെത്തിയത്. ഉടൻ ആലത്തൂർ പോലീസിനെ അറിയിച്ചു.മാർച്ച് 31-നാണ് തരൂർ പഴമ്പാലക്കോട് ചേരിക്കൽ പാനത്ത് വീട്ടിൽ പി.കെ. ജോയിയുടെ വീട്ടിൽ മോഷണം നടന്നത്. പള്ളിയിൽ പോയ ഭാര്യ ജിജിയെ കൂട്ടിക്കൊണ്ടുവരാൻ ജോയി വീടുപൂട്ടി പോയപ്പോഴായിരുന്നു സംഭവം. വീട്ടുകാരുടെ വരവുംപോക്കും കൃത്യമായി അറിയുന്നവരാണ് മോഷണത്തിനു പിന്നിലെന്നായിരുന്നു പോലീസ് നിഗമനം. ഇത് ശരിവെക്കുന്ന തരത്തിലാണ് മോഷണവസ്തുക്കൾ തിരിച്ചുകിട്ടിയത്.

തിരിച്ചുകിട്ടിയ വസ്തുക്കളടങ്ങിയ കടലാസ് പെട്ടി വീട്ടുകാർ തുറന്ന് പരിശോധിച്ചതിനാൽ, വിരലടയാള വിദഗ്ധർ എത്തി പരിശോധിച്ചെങ്കിലും പ്രത്യേക സൂചനയൊന്നും ലഭിച്ചില്ല. സ്വർണവും പണവും പോലീസ് കസ്റ്റഡിയിലെടുത്തു. തൊണ്ടിമുതൽ കോടതിയിൽ ഹാജരാക്കും. കേസ് അവസാനിപ്പിക്കുന്ന പ്രകാരം ഉടമസ്ഥർക്ക് സ്വർണം തിരികെനൽകും.