വയനാട്ടിലെ ദുരന്ത ഭൂമിയിൽ നിന്നും മകരജ്യോതി ദർശന പുണ്യം തേടി അവരെത്തി

അപ്രതീക്ഷിതമായി എത്തിയ മലവെള്ളപ്പാച്ചിലിൽ തകർത്തെറിഞ്ഞ ജീവിതങ്ങൾ മകരജ്യോതി ദർശന പുണ്യം തേടി ശബരിമലയിൽ എത്തി.

 

ശബരിമല: അപ്രതീക്ഷിതമായി എത്തിയ മലവെള്ളപ്പാച്ചിലിൽ തകർത്തെറിഞ്ഞ ജീവിതങ്ങൾ മകരജ്യോതി ദർശന പുണ്യം തേടി ശബരിമലയിൽ എത്തി. വയനാട്ടിലെ ഉരുൾപൊട്ടലിൽ ഉറ്റവരെയും ഉടയവരെയും ഒരൊറ്റ നിമിഷത്തിൽ നഷ്ടമായ ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ശബരീശ സന്നിധിയിലെത്തിയത്.

മേപ്പാടിയിലെ മാരിയമ്മൻ ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ച് ഗുരുസ്വാമി രാമൻകുട്ടിയുടെ നേതൃത്വത്തിൽ അഞ്ച് കുട്ടികളും 38 പുരുഷന്മാരും ഉൾപ്പടെ 48അംഗ സംഘമാണ് ഇക്കുറി മല ചവിട്ടിയത്. മകരജ്യോതിയും തിരുവാഭരണ ഭൂഷിതനായ അയ്യപ്പ സ്വാമിയേയും ദർശിച്ചതിനുശേഷം മാത്രമേ സംഘം മലയിറങ്ങൂ.

ഉരുൾ പൊട്ടൽ ഉണ്ടാകുന്നതിന് മുൻപ് മൂന്ന് സ്ഥലങ്ങളിലേയും 150ൽപരം തീർത്ഥാടകർ മുണ്ടക്കൈ മാരിയമ്മൻ ക്ഷേത്രത്തിൽ നിന്ന് സുബ്രഹ്മണ്യൻ ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് എത്തിയിരുന്നത്. എന്നാൽ മാരിയമ്മൻ ക്ഷേത്രവും സുബ്രഹ്മണ്യൻ സ്വാമിയും അദ്ദേഹത്തിന്റെ 13 ബന്ധുക്കളും ഉരുൾപൊട്ടലിൽ ഒലിച്ച് പോയി. ഒന്നിച്ച് കഴിഞ്ഞിരുന്ന ഈ മൂന്ന് ഗ്രാമങ്ങളിലെയും ഭക്തർ ഇപ്പോൾ പലയിടങ്ങളിലായി വാടക വീടുകളിലാണ് താമസം.

കഴിഞ്ഞ വർഷം വന്നുപോയ നിരവധി പേർ ഇത്തവണ തങ്ങൾക്കൊപ്പമില്ലെന്ന് ഡ്രൈവറായ എം. സോബിൻ പറഞ്ഞു. മുണ്ടക്കൈയിൽ നിന്ന് സോബിൻ മാത്രമാണ് സംഘത്തിലുള്ളത്. അട്ടമലയിൽ നിന്നും കുറച്ച് പേർ മാത്രമാണുള്ളത്. മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽപ്പെട്ടവർക്ക് എത്രയും വേഗം പുനരധിവാസം നൽകാൻ സർക്കാരിന് കഴിയട്ടെ എന്ന് മാത്രമാണ് ഇവരുടെ പ്രാർത്ഥന.