'പാഠപുസ്തകങ്ങള്‍ ഫോട്ടോസ്റ്റാറ്റെടുത്ത് പഠിക്കേണ്ടിവന്ന ഒരു ഭൂതകാലമുണ്ടായിരുന്നു; ആ കാലം തനിയെ മാറിയതല്ലല്ലോ'; ചെന്നിത്തലയ്ക്ക് മറുപടിയുമായി കെ കെ ശൈലജ

 

പത്ത് വര്‍ഷം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലുണ്ടായ വിപ്ലവകരമായ മാറ്റങ്ങളുടെ സദ്ഫലമാണ് അടുത്ത അധ്യായന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ ഇപ്പോള്‍ തന്നെ സ്‌കൂളുകളില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നുള്ളത്

 

നമ്മുടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരേ മനസോടെ ഏറ്റെടുത്ത ഈ മാറ്റങ്ങളെ രാഷ്ട്രീയ വിരോധം മാത്രം കണ്ട് ഇകഴ്ത്തി സംസാരിക്കുന്നത് ശരിയായ രീതിയല്ല.

പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി കെ കെ ശൈലജ എംഎല്‍എ. പാഠപുസ്തകങ്ങള്‍ ഫോട്ടോസ്റ്റാറ്റെടുത്ത് പഠിക്കേണ്ടി വന്ന ഒരു ഭൂതകാലം കുട്ടികള്‍ക്കുണ്ടായിരുന്നുവെന്നും ആ കാലം തനിയെ മാറിയതല്ലല്ലോ, ഇച്ഛാശക്തിയുള്ള ഇടതുപക്ഷ ഭരണം മാറ്റിയെടുത്തതല്ലേയെന്നും കെ കെ ശൈലജ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പത്ത് വര്‍ഷം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലുണ്ടായ വിപ്ലവകരമായ മാറ്റങ്ങളുടെ സദ്ഫലമാണ് അടുത്ത അധ്യായന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ ഇപ്പോള്‍ തന്നെ സ്‌കൂളുകളില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നുള്ളത്. പാഠപുസ്തകങ്ങള്‍ ഫോട്ടോസ്റ്റാറ്റെടുത്ത് പഠിക്കേണ്ടി വന്ന, പുസ്തകങ്ങള്‍ ഇല്ലാതെ അധ്യായനവര്‍ഷം പൂര്‍ത്തിയാക്കേണ്ടി വന്ന, ചോര്‍ന്നൊലിക്കുന്ന ക്ലാസ് മുറികള്‍ക്ക് പകരം സ്‌കൂള്‍ ബസില്‍ ഇരുന്ന് പഠിക്കേണ്ടി വന്ന ഒരു ഭൂതകാലം നമ്മുടെ കുട്ടികള്‍ക്കുണ്ടായിരുന്നു. ആ കാലം തനിയെ മാറിയതല്ലല്ലോ. ഇച്ഛാശക്തിയുള്ള ഇടതുപക്ഷ ഭരണം മാറ്റിയെടുത്തതല്ലേ. നമ്മുടെ സ്‌കൂളുകളിലെ ഹൈടെക് ക്ലാസ് മുറികള്‍, ലിഫ്റ്റുള്‍പ്പെടെ ആധുനിക സജ്ജീകരണങ്ങളുള്ള സ്‌കൂളുകള്‍, വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം, പരിഷ്‌കരിച്ച പാഠ്യപദ്ധതികള്‍ നമ്മുടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരേ മനസോടെ ഏറ്റെടുത്ത ഈ മാറ്റങ്ങളെ രാഷ്ട്രീയ വിരോധം മാത്രം കണ്ട് ഇകഴ്ത്തി സംസാരിക്കുന്നത് ശരിയായ രീതിയല്ല.

അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് വിതരണം ചെയ്യുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം വന്നത്. അടുത്ത ക്ലാസിലേക്ക് ജയിച്ചോ എന്നറിയാതെയാണ് പാഠപുസ്തക വിതരണം നടത്തുന്നതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.'എട്ടാം ക്ലാസിലെ വിദ്യാര്‍ത്ഥി ഒന്‍പതാം ക്ലാസിലേക്ക് ജയിച്ചോ എന്ന് തീരുമാനിച്ചിട്ടില്ലല്ലോ?. ശിവന്‍കുട്ടിയാണോ ഇക്കാര്യം തീരുമാനിക്കുന്നത്. പരീക്ഷാ പേപ്പര്‍ നേക്കണ്ടേ?. എന്തെല്ലാം തുഗ്ലക്ക് പരിഷ്‌കാരങ്ങളാണ്?. തങ്ങള്‍ പുസ്തകം നേരത്തേ അടിച്ചു എന്ന് ബോധ്യപ്പെടുത്താനാണ് ശ്രമം. അതെന്താ വലിയ ഭരണനേട്ടമാണോ?. കേരളത്തില്‍ നേരത്തേ പുസ്തകം കൊടുത്തിട്ടില്ലേ?, പണ്ട് എഴുത്തോലയിലായിരുന്നു എഴുതി പഠിച്ചിരുന്നത്', എന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്.
തൊട്ടുപിന്നാലെ രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. 'മഴവില്ലിലെ വര്‍ണങ്ങളെ കുറിച്ച് പഠിപ്പിക്കാന്‍ ടെക്സ്റ്റ് ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്ത് കുട്ടികളെ കാണിച്ചവരാണ് പാഠപുസ്തകം നേരത്തെ എത്തിച്ചപ്പോള്‍ 'തുഗ്ലക്ക് പരിഷ്‌കാരം' എന്ന് പറയുന്നത്' എന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.