എക്സൈസ് കമ്മീഷണറെ മാറ്റിയതിൽ പ്രത്യേകതയില്ല; ഭരണപരമായ തീരുമാനമെന്ന് മന്ത്രി എം. ലിജു
എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് ശ്രീറാം സാംബശിവ റാവുവിനെ മാറ്റിയതിൽ പ്രതികരണവുമായി എക്സൈസ് മന്ത്രി എം. ലിജു. എക്സൈസ് കമ്മീഷണറെ സ്ഥലംമാറ്റുന്നത് ഇതാദ്യമായല്ലെന്നും കഴിഞ്ഞ ദിവസം 35 ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം വരുത്തിയിരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. എക്സൈസ് കമ്മീഷണറോട് തനിക്ക് യാതൊരു അതൃപ്തിയുമില്ലെന്നും ഭരണപരമായ സാധാരണ തീരുമാനം മാത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് ശ്രീറാം സാംബശിവ റാവുവിനെ മാറ്റിയതിൽ പ്രതികരണവുമായി എക്സൈസ് മന്ത്രി എം. ലിജു. എക്സൈസ് കമ്മീഷണറെ സ്ഥലംമാറ്റുന്നത് ഇതാദ്യമായല്ലെന്നും കഴിഞ്ഞ ദിവസം 35 ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം വരുത്തിയിരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. എക്സൈസ് കമ്മീഷണറോട് തനിക്ക് യാതൊരു അതൃപ്തിയുമില്ലെന്നും ഭരണപരമായ സാധാരണ തീരുമാനം മാത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
വർഷങ്ങളായി വൈൻ പാർലറായി പ്രവർത്തിച്ചുപോന്ന സ്ഥാപനത്തിന് അപേക്ഷയുടെ അടിസ്ഥാനത്തിൽ ബാർ ലൈസൻസ് നൽകിയതാണ് നിലവിലെ വിഷയമെന്ന് മന്ത്രി പറഞ്ഞു. പുതിയ ബാറിന് ലൈസൻസ് നൽകുന്ന കാര്യം ഉദ്യോഗസ്ഥൻ സർക്കാരിനെ അറിയിക്കേണ്ടതുണ്ടായിരുന്നു. സർക്കാർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അനുവദിച്ച ലൈസൻസ് റദ്ദാക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ, പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ പുതിയ ബാർ ലൈസൻസുകൾ നൽകരുതെന്ന് ഉടൻ തന്നെ സർക്കാർ ഉത്തരവിറക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റിയ ശ്രീറാം സാംബശിവ റാവുവിനെ പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായാണ് പുതിയതായി നിയമിച്ചിരിക്കുന്നത്.