'നിരാശയും വേദനയുമുണ്ട്, നാമനിര്‍ദേശപത്രിക ഉള്‍പ്പെടെ തയ്യാറാക്കിവച്ചിരിക്കുകയാണ്': എല്‍ദോസ് കുന്നപ്പിള്ളി
'നിരാശയും വേദനയുമുണ്ട്, നാമനിര്‍ദേശപത്രിക ഉള്‍പ്പെടെ തയ്യാറാക്കിവച്ചിരിക്കുകയാണ്': എല്‍ദോസ് കുന്നപ്പിള്ളി
കെ സി വേണുഗോപാല്‍, സണ്ണി ജോസഫ് തുടങ്ങിയ നേതാക്കള്‍ അവസാന നിമിഷംവരെ പിന്തുണ നല്‍കിയെന്നും നന്ദിയുണ്ടെന്നും എല്‍ദോസ് അറിയിച്ചു
രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതില്‍ നിരാശ പരസ്യമാക്കി സിറ്റിങ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. സീറ്റ് ലഭിക്കാത്തതില്‍ വേദനയുണ്ടെന്നും പാര്‍ട്ടിയോട് കൂറുള്ളവനാണെന്നും പ്രതിഷേധമില്ലെന്നും എല്‍ദോസ് കുന്നപ്പിള്ളി മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം. കെ സി വേണുഗോപാല്‍, സണ്ണി ജോസഫ് തുടങ്ങിയ നേതാക്കള്‍ അവസാന നിമിഷംവരെ പിന്തുണ നല്‍കിയെന്നും നന്ദിയുണ്ടെന്നും എല്‍ദോസ് അറിയിച്ചു. നാമനിര്‍ദേശപത്രിക ഉള്‍പ്പെടെ തയ്യാറാക്കി വച്ചിരിക്കുകയാണെന്നും കൂടെ നിന്ന സഹപ്രവര്‍ത്തകരോട് ഉള്‍പ്പെടെ ചേര്‍ന്ന് അടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'വളരെ പ്രതീക്ഷയോടെയാണ് അവസാന നിമിഷം വരെ ഇരുന്നത്. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, മുന്‍ പ്രതിപക്ഷ നേതാവ് അടക്കമുള്ള സംസ്ഥാന നേതൃത്വം കേരളത്തിലെ സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റ് ഉണ്ടാകുമെന്ന് വാക്ക് നല്‍കിയിരുന്നു. വോട്ടര്‍പട്ടികയില്‍ ഒമ്പതിനായിരത്തോളം വോട്ടുകള്‍ ചേര്‍ത്തു. പെരുമ്പാവൂരിലെ മുഴുവന്‍ പഞ്ചായത്ത് മുന്‍സിപ്പല്‍ ചെയര്‍മാന്‍മാര്‍ ഉള്‍പ്പെടെ താന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ അതിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച നേതൃത്വത്തിന്റെ തീരുമാനത്തില്‍ നിരാശയും വേദനയുമുണ്ട്', എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.