മോഷണ ശ്രമത്തിനിടെ ക്ഷേത്രത്തിനുള്ളിൽ കിടന്ന് ഉറങ്ങിയ യുവാവ് പിടിയിൽ

 

 വെള്ളറട: മോഷണ ശ്രമത്തിനായി ക്ഷേത്രത്തിൽ എത്തിയ യുവാവ് പിടിയിൽ. തമിഴ്നാട് ദിണ്ടിക്കൽ സ്വദേശി സെന്തിൽ (49) ആണ് മോഷണത്തിനിടെ ക്ഷേത്രത്തിൽ കയറി ഉറങ്ങിപോയത്. വെള്ളറട, കോവില്ലൂർ ഭഗവതി ക്ഷേത്രത്തിലാണ് സംഭവം. വൈകുന്നേരം മാത്രം പൂജ നടത്തുന്ന ക്ഷേത്രമാണ് കോവില്ലുർ ഭഗവതിക്ഷേത്രം. 

എന്നാൽ ഇന്നലെ രാവിലെയുള്ള അയ്യപ്പൻ കെട്ടിന്റെ ഭാഗമായി ക്ഷേത്ര പൂജാരി നടതുറക്കാൻ എത്തിയപ്പോൾ ശ്രീ കോവിൽ തുറക്കാൻ സാധിച്ചില്ല. ശേഷം പൂജാരിയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും നടത്തിയ പരിശോധനയിൽ പൂട്ട് പൊളിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായി ശ്രീകോവിലിന്റെ വാതിൽ തകരാറിലായതാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്ഷേത്ര തിടപ്പള്ളിയുടെ വാതിൽ പൊളിച്ച് അകത്തിരുന്ന് ഉറങ്ങുന്ന മോഷ്ടാവിനെ കാണുന്നത്.

ഉടൻതന്നെ പൊലീസിൽ വിവരമറിയിച്ചു. ക്ഷേത്ര പൂജാരി വിളിച്ചിട്ടും മയക്കത്തിൽ ആയിരുന്ന മോഷ്ടാവിനെ കമ്മറ്റി ഭാരവാഹികളും നാട്ടുകാരും ചേർന്ന് വെള്ളറട പോലീസിന് കൈമാറുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ദിണ്ടിക്കൽ സ്വദേശിയായ സെന്തിൽ ആണെന്ന് തിരിച്ചറിഞ്ഞത്. പ്രതി സെന്തിലിന് സംസാരശേഷിയില്ല.

കേരളം, തമിഴ്നാട് അതിർത്തി ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സെന്റിലിന്റെ പേരിൽ തമിഴ്‌നാട്ടിലെയും കേരളത്തിലെയും വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രധാനമായും കാണിക്ക വഞ്ചികൾ കുത്തി തുറന്നുള്ള മോഷണമാണ് ഇയാളുടെ രീതി. അവസാനമായി കേസ് രജിസ്റ്റർ ചെയ്തത് പാലക്കാടാണെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാന്റ്‌ ചെയ്തു.