പൊലീസ് സ്റ്റേഷനിൽ മോഷണം; സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷണംപോയി

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി. സംഭവത്തിൽ നഗരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

കോടതി ഉത്തരവുമായി കസ്റ്റഡിയിലുള്ള ബൈക്ക് തിരികെ വാങ്ങുന്നതിനായി ഉടമ സ്റ്റേഷനിലെത്തിയപ്പോഴാണ് വാഹനം കാണാനില്ലെന്ന വിവരം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്

തിരുവനന്തപുരം: നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി. സംഭവത്തിൽ നഗരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

കോടതി ഉത്തരവുമായി കസ്റ്റഡിയിലുള്ള ബൈക്ക് തിരികെ വാങ്ങുന്നതിനായി ഉടമ സ്റ്റേഷനിലെത്തിയപ്പോഴാണ് വാഹനം കാണാനില്ലെന്ന വിവരം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് സ്റ്റേഷൻ വളപ്പിലും പരിസരത്തും പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന വാഹനം മോഷണം പോയതാണെന്ന് വ്യക്തമായത്.

സിസിടിവി ക്യാമറയുടെ പരിധിയിലാണ് തൊണ്ടിമുതലുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സൂക്ഷിച്ചിരുന്നതെന്നാണ് വിവരം. പൊലീസ് സ്റ്റേഷൻ വളപ്പിൽ നിന്ന് തന്നെ വാഹനം മോഷ്ടിക്കപ്പെട്ടത് പൊലീസിന് വലിയ നാണക്കേടായിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നഗരൂർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സ്ഥലപരിമിതിയും പ്രശ്നമാണെന്നാണ് പൊലീസുകാർ പറയുന്നത്.