സിവില്‍ പൊലീസ് ഓഫീസറുടെ വീട്ടില്‍ മോഷണം ; ഏഴു പവന്‍ സ്വര്‍ണം നഷ്ടമായി
വീട്ടിലെ മറ്റ് മുറികളിലും സ്വര്‍ണം ഉണ്ടായിരുന്നെങ്കിലും നഷ്ടമായിട്ടില്ല
മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന്റെ മാറ്റിനടിയിലായിരുന്നു വീടിന്റെ താക്കോല്‍
കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ സിവില്‍ പൊലീസ് ഓഫീസറുടെ വീട്ടില്‍ മോഷണം. നടക്കാവ് സ്റ്റേഷനിലെ സിപിഒ മിഥുന്‍ രാജിന്റെ വീട്ടില്‍ നിന്നും ഏഴ് പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. നടക്കാവ് പൊലീസ് അന്വേഷണം തുടങ്ങി. നൈറ്റ് ഡ്യൂട്ടിയിലായിരുന്ന മിഥുന്‍ രാജ് ഭക്ഷണം കഴിക്കാനായി ഇന്നലെ രാത്രി പതിനൊന്നോടെ വീട്ടില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന്റെ മാറ്റിനടിയിലായിരുന്നു വീടിന്റെ താക്കോല്‍. ഈ താക്കോലിന്റെ സ്ഥാനം മാറിയത് ശ്രദ്ധയില്‍പ്പെട്ടതോടെ വീടിന്റെ മുകള്‍ നിലയിലടക്കം മിഥുന്‍ പരിശോധന നടത്തി.
ഈ പരിശോധനയിലാണ് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണം നഷ്ടമായതായി മനസിലാകുന്നത്. വീട്ടിലെ മറ്റ് മുറികളിലും സ്വര്‍ണം ഉണ്ടായിരുന്നെങ്കിലും നഷ്ടമായിട്ടില്ല. മിഥുന്റെ അമ്മ അയല്‍വാസികള്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയതിനാല്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. വീടും പ്രദേശവും അറിയാവുന്ന ആരെങ്കിലും മോഷണം നടത്തിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. സ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.