സര്‍ജിക്കല്‍ ബ്ലേഡ് ബാൻഡേജിനുള്ളില്‍ വെച്ച് കെട്ടി; പമ്പയിലെ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ഗുരുതര അനാസ്ഥയെന്ന് പരാതി
പമ്പയിലെ ആശുപത്രിയില്‍ തീർത്ഥാടകർക്ക് ലഭിക്കുന്ന ചികിത്സയ്ക്കിടെ ഗുരുതര അനാസ്ഥയെന്ന് പരാതി. കാലിലെ മുറിവ് ഡ്രസ്സിംഗ് ചെയ്തപ്പോള്‍ സർജിക്കല്‍ ബ്ലേഡ് ഉള്ളില്‍ വെച്ച് കെട്ടിയതായാണ് നെടുമ്പാശ്ശേരി സ്വദേശിയായ പ്രീത വെളിപ്പെടുത്തിയത്.
നഴ്‌സിംഗ് അസിസ്റ്റന്റാണെന്ന് പരിചയപ്പെടുത്തിയ ഇയാള്‍ ബ്ലേഡ് ഉപയോഗിച്ച് തൊലി മുറിച്ചുമാറ്റാൻ ശ്രമിച്ചത് പ്രീത തടയുകയും ബാൻഡേജ് മാത്രം മതിയെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പത്തനംതിട്ട: പമ്പയിലെ ആശുപത്രിയില്‍ തീർത്ഥാടകർക്ക് ലഭിക്കുന്ന ചികിത്സയ്ക്കിടെ ഗുരുതര അനാസ്ഥയെന്ന് പരാതി. കാലിലെ മുറിവ് ഡ്രസ്സിംഗ് ചെയ്തപ്പോള്‍ സർജിക്കല്‍ ബ്ലേഡ് ഉള്ളില്‍ വെച്ച് കെട്ടിയതായാണ് നെടുമ്പാശ്ശേരി സ്വദേശിയായ പ്രീത വെളിപ്പെടുത്തിയത്. സംഭവത്തില്‍ പത്തനംതിട്ട ഡി.എം.ഒയ്ക്ക് (DMO) പരാതി നല്‍കി.
പന്തളത്ത് നിന്നുള്ള തിരുവാഭരണ ഘോഷയാത്രയ്‌ക്കൊപ്പം പദയാത്രയായാണ് പ്രീത പമ്പയിലെത്തിയത്. യാത്രയ്ക്കിടെ കാലില്‍ മുറിവുണ്ടായതിനെ തുടർന്ന് ഇവർ പമ്പയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
മടക്കയാത്രയ്ക്ക് മുൻപ് മുറിവ് വീണ്ടും കെട്ടാനായി ആശുപത്രിയിലെത്തിയപ്പോള്‍, സഹായിയുടെ പെരുമാറ്റത്തില്‍ പ്രീതയ്ക്ക് സംശയം തോന്നി. നഴ്‌സിംഗ് അസിസ്റ്റന്റാണെന്ന് പരിചയപ്പെടുത്തിയ ഇയാള്‍ ബ്ലേഡ് ഉപയോഗിച്ച് തൊലി മുറിച്ചുമാറ്റാൻ ശ്രമിച്ചത് പ്രീത തടയുകയും ബാൻഡേജ് മാത്രം മതിയെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പിന്നീട് വീട്ടിലെത്തി ബാൻഡേജ് അഴിച്ചു പരിശോധിച്ചപ്പോഴാണ് മുറിവിനുള്ളില്‍ സർജിക്കല്‍ ബ്ലേഡ് ഇരിക്കുന്നത് കണ്ടത്. ഹോസ്പിറ്റല്‍ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഈ വലിയ വീഴ്ച ആരോഗ്യവകുപ്പ് ഗൗരവമായി പരിശോധിക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.