മതപഠനശാലയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വിദ്യാര്‍ത്ഥിനി മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്ന് സൂചന

ബാലരാമപുരത്തെ അല്‍ അമന്‍ മതപഠന കേന്ദ്രത്തിലാണ് ബീമാപ്പള്ളി സ്വദേശിനി പതിനേഴുകാരി അസ്മിയമോളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
 

ബാലരാമപുരത്ത് മതപഠനശാലയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വിദ്യാര്‍ത്ഥിനി മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്ന് എന്ന് സൂചന. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും മൊഴിയെടുത്തു. 

ബാലരാമപുരത്തെ അല്‍ അമന്‍ മതപഠന കേന്ദ്രത്തിലാണ് ബീമാപ്പള്ളി സ്വദേശിനി പതിനേഴുകാരി അസ്മിയമോളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്മിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച കുടുംബം നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതപഠനശാലയിലെ അധ്യാപകരുടെയും ഉസ്താദിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

അസ്മിയയ്ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ആഴ്ചയില്‍ ഒരുതവണ അഞ്ചുമിനിറ്റ് ഫോണിലൂടെ കുടുംബത്തെ ബന്ധപ്പെടാം. മാസത്തില്‍ രണ്ട് തവണ മാത്രം മദ്രസയില്‍ എത്തുന്ന കുടുംബത്തെ വിദ്യാര്‍ത്ഥികള്‍ക്ക് കാണാം. ചെറിയപെരുന്നാളിന്റെ അവധിക്ക് ശേഷം മടങ്ങിയെത്തിയ അസ്മിയ അസ്വസ്ഥയായിരുന്നു എന്നാണ് സഹപാഠികളുടെ മൊഴി. 

കുടുംബത്തിന്റെ ആരോപണവും സഹപാഠികളുടെ മൊഴിയും പരിഗണിച്ച് വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. അസ്മിയുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തണം എന്ന് ആവശ്യപ്പെട്ടുള്ള സമരങ്ങളും ശക്തമാവുകയാണ്.