സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിയന്ത്രിക്കും; സഭയില്‍ ബില്ല് കൊണ്ടുവരും, സുപ്രധാന നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍
സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിയന്ത്രിക്കാന്‍ സുപ്രധാന നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി നിയമസഭയില്‍ ബില്ല് കൊണ്ടുവരാനാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്. ഇതിനായി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയതായാണ് വിവരം.
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിയന്ത്രിക്കാന്‍ സുപ്രധാന നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി നിയമസഭയില്‍ ബില്ല് കൊണ്ടുവരാനാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്. ഇതിനായി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയതായാണ് വിവരം. നിലവില്‍ സംസ്ഥാനത്ത് 70 ശതമാനം ആളുകളും ഇപ്പോഴും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഇതിന്റെ സാധ്യത മുന്നില്‍ കണ്ട് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളെ ഏറ്റെടുക്കുന്ന സ്ഥിതിയുണ്ട്.
ഇത്തരം ഏറ്റെടുക്കല്‍ പലയിടങ്ങളിലും നടന്നതോടെ ചികിത്സാചെലവില്‍ ഭീമമായ വര്‍ധന ഉണ്ടായതായി നിരവധി പരാതികള്‍ ആരോഗ്യവകുപ്പിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ഇത്തരം പ്രവണതകള്‍ സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് നല്ലതല്ല എന്ന് കാണിച്ച് ഡോക്ടര്‍മാരുടെ സംഘടനകളും സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിയന്ത്രിക്കാന്‍ ബില്ല് കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നത്.
സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരാമര്‍ശവും ഇത്തരത്തില്‍ ഒരു ബില്ല് കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിച്ചതായും സൂചനയുണ്ട്. ഓരോ രോഗത്തിനുമുള്ള ചികിത്സാ നിരക്ക്, മുറികളുടെ വാടക ഉള്‍പ്പെടെ വിവിധ കാര്യങ്ങളില്‍ നിയന്ത്രണം കൊണ്ടുവരാനാണ് സംസ്ഥാനസര്‍ക്കാര്‍ പദ്ധതിയിടുന്നത്. തുടക്കമെന്ന നിലയില്‍ ബില്ലുമായി മുന്നോട്ടുപോകുന്നതിന് നിര്‍ദേശം തേടി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.