കൂവപ്പടി ശ്രീമഹാഗണപതിക്ഷേത്രത്തിൽ സുരേഷ്ഗോപിയ്ക്കു മുമ്പിൽ കുഴൽമന്ദം രാമകൃഷ്ണന്റെ ശ്രീമൃദു നാദവിസ്മയം

കൂവപ്പടി ശ്രീമഹാഗണപതിക്ഷേത്രത്തിൽ കൂവപ്പടി ബ്രാഹ്മണസമൂഹം സംഘടിപ്പിച്ച പരിപാടിയിലേക്കെത്തിയതാണ്  കേന്ദ്രമന്ത്രി സുരേഷ്ഗോപി. ചടങ്ങിന്റെ ഭാഗമായി പരിപാടിയാവതരിപ്പിയ്ക്കാൻ പ്രശസ്ത മൃദംഗവിദ്വാൻ കുഴൽമന്ദം രാമകൃഷ്ണനും എത്തിയിരുന്നു. കേന്ദ്രമന്ത്രി പങ്കെടുക്കുന്ന ഉദ്‌ഘാടനച്ചടങ്ങിലേയ്ക്ക്  തന്റെ സ്വന്തം ശ്രീമൃദു കഴുത്തിൽ തൂക്കിയിട്ട് പ്രശസ്ത മൃദംഗവിദ്വാൻ കുഴൽമന്ദം രാമകൃഷ്ണനെത്തി

 

പെരുമ്പാവൂർ:  കൂവപ്പടി ശ്രീമഹാഗണപതിക്ഷേത്രത്തിൽ കൂവപ്പടി ബ്രാഹ്മണസമൂഹം സംഘടിപ്പിച്ച പരിപാടിയിലേക്കെത്തിയതാണ്  കേന്ദ്രമന്ത്രി സുരേഷ്ഗോപി. ചടങ്ങിന്റെ ഭാഗമായി പരിപാടിയാവതരിപ്പിയ്ക്കാൻ പ്രശസ്ത മൃദംഗവിദ്വാൻ കുഴൽമന്ദം രാമകൃഷ്ണനും എത്തിയിരുന്നു. കേന്ദ്രമന്ത്രി പങ്കെടുക്കുന്ന ഉദ്‌ഘാടനച്ചടങ്ങിലേയ്ക്ക്  തന്റെ സ്വന്തം ശ്രീമൃദു കഴുത്തിൽ തൂക്കിയിട്ട് പ്രശസ്ത മൃദംഗവിദ്വാൻ കുഴൽമന്ദം രാമകൃഷ്ണനെത്തി. ഗിന്നസ് റെക്കോർഡ് ജേതാവായ കുഴൽമന്ദം രാമകൃഷ്ണൻ വികസിപ്പിച്ചെടുത്ത പുതിയ താളവാദ്യോപകരണമാണ് സദ്മൃദംഗം. 

ശ്രീമൃദു എന്ന പേരിലും ഇന്നിത് അറിയപ്പെടുന്നു. ഏകദേശം എട്ടു വർഷത്തെ നിരന്തരമായ ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷമാണ് അദ്ദേഹം ഈ ഉപകരണം രൂപകൽപ്പന ചെയ്തത്. 2018-ൽ ഭാരത സർക്കാരിന്റെ പേറ്റന്റ് ഓഫീസിൽ നിന്ന് ഇതിന്റെ ഡിസൈന് അദ്ദേഹം പേറ്റന്റും സ്വന്തമാക്കി. പ്ലാവിൻ തടിയിലുള്ള പരമ്പരാഗത മൃദംഗങ്ങൾക്ക് 15 മുതൽ 30 കിലോഗ്രാം തൂക്കമുള്ളപ്പോൾ സ്റ്റീൽ, ഫൈബർ, ലെതർ തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിക്കുന്ന ശ്രീമൃദുവിന്റെ ഭാരം വെറും 5 കിലോഗ്രാം മാത്രം. പരമ്പരാഗത മൃദംഗത്തിൽ നിന്നും ലഭിക്കുന്ന അതേ നാദശുദ്ധിയും വ്യക്തതയും ഇതിലും ലഭ്യമാണ്.  

ഇതിന്റെ ഇലക്ട്രോണിക് പതിപ്പിൽ ബിൽട്ട് ഇൻ പ്രീ ആമ്പ്, ഇലക്ട്രിക് സൗണ്ട് പിക്ക് അപ്പ് എന്നിവ ഘടിപ്പിച്ചിട്ടുണ്ട്. ഇത് ചുറ്റുമുള്ള അനാവശ്യ ശബ്ദങ്ങളെ ഒഴിവാക്കി, വാദ്യത്തിന്റെ ശുദ്ധമായ നാദം മാത്രം ആംപ്ലിഫൈ ചെയ്ത് കേൾപ്പിക്കാൻ സഹായിക്കുന്നു. അതിനാൽ ഫ്യൂഷൻ സംഗീത പരിപാടികൾക്കും ഇൻഡോർ കൺസേർട്ടുകൾക്കും ഇത് വളരെ അനുയോജ്യമാണ്. കേന്ദ്രമന്ത്രിയുടെ ആവശ്യപ്രകാരം അഞ്ചുമിനുട്ടോളം തനിയാവർത്തനത്തിന്റെ ചടുലമായ താളകൈകൾ കൊണ്ട് ആസ്വാദകരെ വിസ്മയിപ്പിച്ച കുഴൽമന്ദം രാമകൃഷ്ണനെ വേദിയിൽ പൊന്നാടയണിയിച്ച് ആദരിച്ചു. പെരുമ്പാവൂർ എം.എൽ.എ. മനോജ് മൂത്തേടനും വേദിയിലുണ്ടായിരുന്നു.