ചിക്കമഗളൂരു വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നും കാണാതായ പാലക്കാട് സ്വദേശി ശ്രീനന്ദയ്ക്കായുള്ള തിരച്ചില്‍ നാലാം ദിനത്തിലേക്ക് 

മകള്‍ക്ക് ലഹരി നല്‍കി ആരെങ്കിലും കടത്തിക്കൊണ്ടുപോയതാകാമെന്ന് സംശയമുണ്ട്

 

അവളെ കണ്ടെത്താന്‍ എല്ലാവരും സഹായിക്കണം, എന്ന് അമ്മ രേണുക കണ്ണീരോടെ പറഞ്ഞു

ചിക്കമഗളൂരു ബാബാ ബുധന്‍ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നും കാണാതായ പാലക്കാട് സ്വദേശി ശ്രീനന്ദയ്ക്കായുള്ള തിരച്ചില്‍ നാലാം ദിനത്തിലേക്ക് കടക്കുന്നു. 48 മണിക്കൂര്‍ പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തില്‍ അന്വേഷണത്തിനായി 100 അംഗ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിനെ നിയോഗിച്ചു.
തന്റെ മകളെ ആരെങ്കിലും അപായപ്പെടുത്തിയതാകാമെന്ന കടുത്ത ഭയപ്പാടിലാണ് ശ്രീനന്ദയുടെ അമ്മ.

മകള്‍ക്ക് ലഹരി നല്‍കി ആരെങ്കിലും കടത്തിക്കൊണ്ടുപോയതാകാമെന്ന് സംശയമുണ്ട്. അവളെ കണ്ടെത്താന്‍ എല്ലാവരും സഹായിക്കണം, എന്ന് അമ്മ രേണുക കണ്ണീരോടെ പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രത്തില്‍ വെച്ച് ആരെങ്കിലും കുട്ടിയെ ലക്ഷ്യം വെച്ചിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. പൊലീസ്, വനം വകുപ്പ്, അഗ്‌നിരക്ഷാ സേന എന്നിവര്‍ ഉള്‍പ്പെടുന്ന 100 അംഗ സംഘമാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. ചെങ്കുത്തായ ഇറക്കങ്ങളിലും കൊക്കകളിലും പരിശോധന നടത്താന്‍ തെര്‍മല്‍ ഡ്രോണുകള്‍ ഉപയോഗിച്ചു. എന്നാല്‍ ഇന്നലെ രാത്രി വൈകി നടത്തിയ പരിശോധനയിലും ഫലമുണ്ടായില്ല.