നിർദ്ദിഷ്ട കൊല്ലങ്കോട്-തൃശ്ശൂർ റെയിൽപ്പാത പദ്ധതി കേന്ദ്രം ഉപേക്ഷിച്ചു
ദക്ഷിണ കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത സാധ്യതയായി വിലയിരുത്തപ്പെട്ടിരുന്ന നിർദ്ദിഷ്ട കൊല്ലങ്കോട്-തൃശ്ശൂർ റെയിൽപ്പാത പദ്ധതി കേന്ദ്ര റെയിൽവേ മന്ത്രാലയം ഉപേക്ഷിച്ചു. പ്രതീക്ഷിക്കുന്ന യാത്രാ, ചരക്ക് ഗതാഗത സാധ്യതകൾ തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പദ്ധതിക്ക് അനുമതി നൽകേണ്ടതില്ലെന്ന് റെയിൽവേ തീരുമാനിച്ചത്. ലോക്സഭയിൽ ആലത്തൂർ എം.പി കെ. രാധാകൃഷ്ണൻ ഉന്നയിച്ച നോട്ടീസിന് മറുപടിയായാണ് റെയിൽവേ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
തൃശ്ശൂർ: ദക്ഷിണ കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത സാധ്യതയായി വിലയിരുത്തപ്പെട്ടിരുന്ന നിർദ്ദിഷ്ട കൊല്ലങ്കോട്-തൃശ്ശൂർ റെയിൽപ്പാത പദ്ധതി കേന്ദ്ര റെയിൽവേ മന്ത്രാലയം ഉപേക്ഷിച്ചു. പ്രതീക്ഷിക്കുന്ന യാത്രാ, ചരക്ക് ഗതാഗത സാധ്യതകൾ തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പദ്ധതിക്ക് അനുമതി നൽകേണ്ടതില്ലെന്ന് റെയിൽവേ തീരുമാനിച്ചത്. ലോക്സഭയിൽ ആലത്തൂർ എം.പി കെ. രാധാകൃഷ്ണൻ ഉന്നയിച്ച നോട്ടീസിന് മറുപടിയായാണ് റെയിൽവേ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
കൊല്ലങ്കോടിനെയും തൃശ്ശൂരിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന 59 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ പാതയ്ക്കായി മുൻപ് പ്രാഥമിക സാധ്യതാ പഠനം നടത്തിയിരുന്നു. എന്നാൽ, വൻ തുക മുടക്കി നിർമ്മിക്കുന്ന പുതിയ പാതയിലൂടെ ഉദ്ദേശിച്ചത്ര സാമ്പത്തിക അല്ലെങ്കിൽ ഗതാഗത നേട്ടമുണ്ടാകില്ലെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.നിലവിൽ പാലക്കാട്, ഷൊർണ്ണൂർ വഴിയുള്ള റെയിൽ ശൃംഖലയിലൂടെ കൊല്ലങ്കോടും തൃശ്ശൂരും പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ടെന്നും, അതിനാൽ സാങ്കേതികമായി പുതിയൊരു ലൈനിന്റെ ആവശ്യമില്ലെന്നുമാണ് മന്ത്രാലയത്തിന്റെ നിലപാട്. മലബാർ, മധ്യകേരള മേഖലകളിലെ യാത്രാദുരിതത്തിന് പരിഹാരമാകുമെന്ന് കരുതിയിരുന്ന ദീർഘകാല ആവശ്യങ്ങളിലൊന്നാണ് ഇതോടെ തള്ളപ്പെട്ടത്. റെയിൽവേ മന്ത്രാലയത്തിന്റെ ഈ തീരുമാനത്തിൽ വലിയ നിരാശയിലാണ് പ്രദേശവാസികളും ജനപ്രതിനിധികളും.