വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒന്‍പതു പേരുടെയും പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ; മൃതദേഹങ്ങളുമായി ആംബുലന്‍സ് മലപ്പുറത്തേക്ക് പുറപ്പെട്ടു
പൊതുദര്‍ശനത്തിനുശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക
ഇന്ന് മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പൊതുദര്‍ശനം.
വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒന്‍പതു പേരുടെയും പോസ്റ്റ്മോര്‍ട്ടം പൊള്ളാച്ചി ആശുപത്രിയില്‍ പൂര്‍ത്തിയാക്കി. രാവിലെ ആറേകാലോടെ പൊള്ളാച്ചിയില്‍ നിന്ന് മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ മലപ്പുറത്തേക്ക് പുറപ്പെട്ടു. ഒന്‍പത് ആംബുലന്‍സുകളും ഒന്നിച്ചാണ് പൊള്ളാച്ചിയില്‍ നിന്ന് പുറപ്പെട്ടത്. ഇന്ന് മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പൊതുദര്‍ശനം. പൊതുദര്‍ശനത്തിനുശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. അര്‍ധരാത്രി 12 മണിയോടെ പൊള്ളാച്ചി ആശുപത്രിയില്‍ ആരംഭിച്ച പോസ്റ്റ്‌മോര്‍ട്ടം പുലര്‍ച്ചെ നാലുമണിയോടെയാണ് പൂര്‍ത്തിയായത്.
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്റ് എല്‍പി സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാന്‍ ഇന്നലെ വൈകുന്നേരം 5.20 ന് ആണ് വാല്‍പ്പാറ ചുരം റോഡില്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. കാഴ്ചകള്‍ എല്ലാം കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ചുരത്തിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്‌മേല്‍ മറിഞ്ഞ് ഒന്‍പതാം വളവിലേക്ക് വീഴുകയായിരുന്നു. പൊള്ളാച്ചിയില്‍നിന്ന് 30 കിലോമീറ്റര്‍അകലെയാണ് അപകടമുണ്ടായ സ്ഥലം. പെരിന്തല്‍മണ്ണയില്‍നിന്ന് വാടകയ്‌ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവര്‍ ഉള്‍പ്പെടെ13 പേര്‍ യാത്ര പോയത്. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ഒന്‍പത് പേരാണ് അപകടത്തില്‍ മരിച്ചത്.