മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് കേരള വഖഫ് ബോര്‍ഡ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്

 

മുനമ്പത്തെ തര്‍ക്കഭൂമി വഖഫ് അല്ലെന്ന് പ്രഖ്യാപിക്കാന്‍ കേരള ഹൈക്കോടതിക്ക് അധികാരമില്ലെന്നാണ് ഹര്‍ജി നല്‍കിയിരിക്കുന്ന കേരള വഖഫ് സംരക്ഷണ വേദിയുടെ വാദം

മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍. ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. സര്‍ക്കാര്‍ നല്‍കിയ തടസ്സ ഹര്‍ജിയും കോടതി പരിഗണിക്കും. ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

മുനമ്പത്തെ തര്‍ക്കഭൂമി വഖഫ് അല്ലെന്ന് പ്രഖ്യാപിക്കാന്‍ കേരള ഹൈക്കോടതിക്ക് അധികാരമില്ലെന്നാണ് ഹര്‍ജി നല്‍കിയിരിക്കുന്ന കേരള വഖഫ് സംരക്ഷണ വേദിയുടെ വാദം. വഖഫ് ആയി വിജ്ഞാപനം ചെയ്തിട്ടുള്ള ഭൂമി സംബന്ധിച്ച തര്‍ക്കം ഉണ്ടായാല്‍ വഖഫ് ട്രിബ്യുണലിന് മാത്രമേ അതില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ കഴിയൂ. നേരിട്ട് ഫയല്‍ ചെയ്യുന്ന റിട്ട് അപ്പീലില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ഹൈക്കോടതിക്ക് അവകാശമില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് കേരള വഖഫ് ബോര്‍ഡ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അതിനാല്‍ വഖഫ് ട്രിബ്യുണലിനെ മറികടന്ന് ഉത്തരവിറക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.