മഞ്ഞുരുകുമോ..?  അനുനയ നീക്കം തുടരുന്നു; വീണ്ടും വി ഡി സതീശൻ ചെന്നിത്തലയുടെ വീട്ടിൽ 

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള നീക്കം തുടർന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ചെന്നിത്തലയുടെ വഴുതക്കാടുള്ള വീട്ടിലെത്തി.  ആഭ്യന്തര മന്ത്രിസ്ഥാനം ലഭിച്ചാൽ മാത്രമേ മന്ത്രിസഭയിലേക്കുള്ളൂവെന്ന നിർദേശം നേരത്തെ ചെന്നിത്തല മുന്നോട്ടുവച്ചിരുന്നു. ഇക്കാര്യം ഇരുനേതാക്കളും ചർച്ച ചെയ്യുകയാണെന്നാണ് വിവരം.

 

 തിരുവനന്തപുരം : മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള നീക്കം തുടർന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ചെന്നിത്തലയുടെ വഴുതക്കാടുള്ള വീട്ടിലെത്തി.  ആഭ്യന്തര മന്ത്രിസ്ഥാനം ലഭിച്ചാൽ മാത്രമേ മന്ത്രിസഭയിലേക്കുള്ളൂവെന്ന നിർദേശം നേരത്തെ ചെന്നിത്തല മുന്നോട്ടുവച്ചിരുന്നു. ഇക്കാര്യം ഇരുനേതാക്കളും ചർച്ച ചെയ്യുകയാണെന്നാണ് വിവരം. അതോടൊപ്പം അൻവർ സാദത്ത്, ഐ.സി.ബാലകൃഷ്ണൻ എന്നിവരെയും മന്ത്രിസഭയിൽ പ്രധാന വകുപ്പുകൾ നൽകി ഉൾപ്പെടുത്തണമെന്ന ചെന്നിത്തലയുടെ നിർദേശവും ചർച്ച ചെയ്യുമെന്നാണ് വിവരം. 24 മണിക്കൂറിനുള്ളിൽ രണ്ടാം തവണയാണ് വി.ഡി.സതീശൻ രമേശ് ചെന്നിത്തലയെ കാണാനെത്തുന്നത്.

അതേസമയം നേരത്തെ, ലീഗ് നേതാക്കളുമായി വി.ഡി.സതീശൻ കൂടിക്കാഴ്ച നടത്തിയിരുന്നു. തിരുവനന്തപുരത്തെ പാണക്കാട് ഹൗസിലായിരുന്നു കൂടിക്കാഴ്ച. കേരള സമൂഹം അർഹിക്കുന്ന ഭരണാധികാരിയാണ് വി.ഡി.സതീശനെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. യുഡിഎഫ് രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമാണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് എന്നും  ടീം യുഡിഎഫ് അതിശക്തമായ മതേതര നിലപാടാണ് കൈക്കൊണ്ടതെന്നും അതിന്റെ പിൻബലവും പാണക്കാട് സാദിഖലി തങ്ങളായിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. കേരളത്തിൽ വിദ്വേഷപ്രചരണം നടത്തി ഭിന്നിപ്പുണ്ടാക്കാൻ പല ശക്തികളും ശ്രമിച്ചു, അന്ന് സാദിഖലി തങ്ങളും മുസ്‌ലിം ലീഗുമെടുത്ത മതേതര നിലപാട് വിസ്മയിപ്പിച്ചിരുന്നു, പള്ളുരുത്തി, മുനമ്പം വിഷയങ്ങൾ ആളിക്കത്തുമായിരുന്നു. അതിന്റെ തീകെടുത്തിയത് അദ്ദേഹമാണ്. ആരും ഭിന്നിപ്പുണ്ടാക്കാൻ വരണ്ടെന്നും അതിന് ചുട്ട മറുപടി കൊടുക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു.