മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും ശൈലി ജനങ്ങള്‍ക്ക് ദഹിച്ചില്ല ; സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനം


ജില്ലാ നേതൃത്വത്തിനെതിരെയും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം ഉയര്‍ന്നു.

 

മുഖ്യമന്ത്രിയുടെ പല വാക്കുകളും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും കുറ്റപ്പെടുത്തല്‍.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും ശൈലി ജനങ്ങള്‍ക്ക് ദഹിച്ചില്ലെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. പാര്‍ട്ടി നേതൃത്വം തിരുത്തിയില്ലെങ്കില്‍ അണികള്‍ തിരുത്തിക്കുമെന്നും പയ്യന്നൂരും തളിപ്പറമ്പിലും ഉണ്ടായ പരാജയം അതിനുദാഹരണമാണെന്നും സെക്രട്ടറിയേറ്റില്‍ വിമര്‍ശനം ഉണ്ടായി. മുഖ്യമന്ത്രിയുടെ പല വാക്കുകളും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും കുറ്റപ്പെടുത്തല്‍.


ജില്ലാ നേതൃത്വത്തിനെതിരെയും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം ഉയര്‍ന്നു. പയ്യന്നൂര്‍ സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടി ചെറുതായി കണ്ടു. അടിയൊഴുക്ക് കണ്ടെത്താന്‍ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ല. പി കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയതാക്കിയതിനെതിരെയും രൂക്ഷ വിമര്‍ശനം ഉണ്ടായി. പാര്‍ട്ടി അണികളുടെ വികാരം നേതൃത്വം മനസ്സിലാക്കിയില്ലെന്നും ഭരണവിരുദ്ധ വികാരമല്ല ശൈലിയാണ് തിരിച്ചടിയായതെന്നും സെക്രട്ടറിയേറ്റ് യോഗത്തില്‍ വിലയിരുത്തല്‍.

സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിലും പിണറായിക്കും ഗോവിന്ദനുമെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിണറായിക്ക് പ്രായപരിധി ഇളവ് നല്‍കിയത് മുഖ്യമന്ത്രിയാകാന്‍ മാത്രമാണെന്നും കനത്ത തോല്‍വിക്ക് ശേഷം പ്രതിപക്ഷ നേതാവ് ആക്കിയ തീരുമാനം തെറ്റ് ആണെന്നും റദ്ദാക്കണം എന്നും നേതാക്കള്‍ വിമര്‍ശിച്ചു. കണ്ണൂരിലെ പാര്‍ട്ടിയില്‍ ഉള്‍പ്പെടെ പ്രതിസന്ധി ഉണ്ടായപ്പോള്‍ ഗോവിന്ദന്‍ പിന്തുണച്ചത് ഭാര്യയെ മാത്രമാണ്. സംഘടന പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെന്നും നേതൃയോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് പാര്‍ട്ടിക്ക് അന്യമായിരുന്നു. പാര്‍ട്ടിക്കാര്‍ക്ക് ഒരു വിലയും ഇല്ലായിരുന്നു എന്നും വിമര്‍ശനം ഉയര്‍ന്നു.