'ആയമ്മ ഇങ്ങോട്ട് വരുമ്പോള്‍ ഉള്ള പാര്‍ട്ടി തന്നെയാണ് ഇപ്പോഴും'; പത്മജയ്ക്കെതിരെ ബിജെപി വക്താവ് യുവരാജ് ഗോകുല്‍

പുതിയതായൊന്നും ഐഡിയോളജിയില്‍ എഴുതി ചേര്‍ത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഈ ഐഡിയോളജി ഉയര്‍ത്തി പിടിച്ച് തന്നെയാണ് കഴിഞ്ഞ 12 കൊല്ലമായി കേന്ദ്രം ഭരിക്കുന്നത്.

പത്മജ വേണുഗോപാല്‍ ബിജെപി വിട്ടതില്‍ ബിജെപി ജനറല്‍ സെക്രട്ടറി എസ് സുരേഷിനെ തള്ളി വക്താവ് യുവരാജ് ഗോകുല്‍ രംഗത്ത്. പത്മജ മൊത്തം പാര്‍ട്ടിയേയും കുറ്റം പറഞ്ഞാണ് പുറത്ത് പോകുന്നതെന്ന് യുവരാജ് ചൂണ്ടിക്കാട്ടി. ആശയം ശരിയല്ല, ഐഡിയോളജി ശരിയല്ല, എന്നൊക്കെയാണ് പറയുന്നത്. ആത്മാഭിമാനം എന്നൊന്നുള്ളത് കൊണ്ട് അത് കേട്ട് നില്‍ക്കാനാവില്ല. ആയമ്മ ഇങ്ങോട്ട് വരുമ്പോള്‍ ഉള്ള പാര്‍ട്ടി തന്നെയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. പുതിയതായൊന്നും ഐഡിയോളജിയില്‍ എഴുതി ചേര്‍ത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ഐഡിയോളജി ഉയര്‍ത്തി പിടിച്ച് തന്നെയാണ് കഴിഞ്ഞ 12 കൊല്ലമായി കേന്ദ്രം ഭരിക്കുന്നത്. ഈ ഐഡിയോളജി ഉയര്‍ത്തി തന്നെയാണ് നാല്‍പ്പത് ലക്ഷത്തോളം വോട്ടും ഒരു എംപിയും 11 നിയോജകമണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്തും കേരളത്തില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി എത്തിയത്. കേരളത്തിന്റെ തലസ്ഥാന കോര്‍പ്പറേഷനില്‍ ഭരണം നേടിയതും മൂന്ന് എംഎല്‍എമാരെ ജയിപ്പിച്ചതും ഇതേ ഐഡിയോളജി ഉയര്‍ത്തിയാണ്. മാവോയിസ്റ്റ് തീവ്രവാദത്തെ കുടിയൊഴിപ്പിച്ചു, കശ്മീരിലെ കല്ലേറ് നിര്‍ത്തിച്ചു, തീവ്രവാദികളെ ഹൂറികളുടെ അടുത്തെത്തിച്ചു, ഒരു ദശകത്തിനിടയില്‍ മനുഷ്യ ചരിത്രം ഇന്നേവരെ കാണാത്ത തരത്തില്‍ ദാരിദ്ര്യം തുടച്ച് നീക്കി എന്നിങ്ങനെയാണ് യുരാജ് പത്മജയ്ക്ക് നല്‍കുന്ന മറുപടി. അങ്ങുന്ന് ഇങ്ങോട്ട് വന്നപ്പോഴുള്ള അതേ ഐഡിയോളജി തന്നെയാണ് ഇപ്പോഴെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജ്യേഷ്ഠ സഹോദരിയുടെ സ്ഥാനമാണ് പത്മജക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയതെന്നായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി എസ് സുരേഷിന്റെ പ്രതികരണം. അര്‍ഹിക്കുന്ന അംഗീകാരവും ചുമതലയും നല്‍കി. ഇനിയും നല്‍കാന്‍ തയ്യാറായിരുന്നു. രാജിക്കത്തില്‍ പാര്‍ട്ടിയോടുള്ള വിയോജിപ്പിനെകുറിച്ച് പറയുന്നില്ല. വ്യക്തിപരമായ കാരണങ്ങള്‍ എന്നാണ് പരാമര്‍ശം. വ്യക്തിപരമായ കാരണങ്ങള്‍ എന്ന് പറഞ്ഞ സാഹചര്യത്തില്‍ രാജി സ്വീകരിക്കുക അല്ലാതെ വേറെ വഴിയില്ലെന്നും സുരേഷ് ചൂണ്ടിക്കാട്ടി. പത്മജ ഏതെങ്കിലും സ്ഥാനത്തിനായി സമ്മര്‍ദ്ദം ചെലുത്തുകയോ വിലപേശുകയോ ചെയ്തിട്ടില്ല. ബിജെപി ആശയങ്ങളുമായി യോജിച്ചു പോകാന്‍ കഴിയില്ലെന്ന പത്മജയുടെ പ്രതികരണത്തില്‍ അത്തരത്തില്‍ ഒരു പരാമര്‍ശം രാജിക്കത്തില്‍ ഇല്ല എന്നായിരുന്നു സുരേഷ് പറഞ്ഞത്. മാധ്യമങ്ങള്‍ പറയുമ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നും ആശയപരമായി വിയോജിപ്പുണ്ടെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.