പുതിയ കുഞ്ഞുങ്ങള്‍ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങള്‍ പേളിയാണ്; വിമര്‍ശിച്ച് ലിജീഷ് കുമാര്‍

'കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ വളരെ വേദനാജനകമായിരുന്നു.

 

പാവം മനുഷ്യരുടെ ത്യാഗങ്ങളുടെയും നൊമ്പരങ്ങളുടെയും ഇന്ത്യയെ മനസിലാവില്ലെന്ന് അദ്ദേഹം കുറിച്ചു.

ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും ഇന്‍ഫ്‌ലുവന്‍സറുമായ പേളി മാണിയുടെ പ്രതികരണം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ തള്ളാതെയുള്ള പേളിയുടെ നിലപാടില്‍ രൂക്ഷ വിമര്‍ശനമാണ് എഴുത്തുകാരന്‍ ലിജീഷ് കുമാര്‍ ഉന്നയിക്കുന്നത്.

പുതിയ കുഞ്ഞുങ്ങള്‍ പൊളിയാണെന്നും പഴകിയ കുഞ്ഞുങ്ങള്‍ പേളിയാണെന്നുമുള്ള പരിഹാസ കുറിപ്പോടെയാണ് ലിജീഷ് കുറിപ്പ് തുടങ്ങുന്നത്. മെറ്റ്കാഫോര്‍സില്‍ നിന്നും സായിപ്പ് ഉപേക്ഷിച്ചു പോയ അപ്പര്‍ക്ലാസ് വെടിപറച്ചിലുകളും തീന്‍മേശ മര്യാദകളും പഠിച്ചിറങ്ങിയാല്‍ എല്ലാം തികഞ്ഞു എന്നു വിചാരിക്കുന്ന സ്നോബുകള്‍ക്ക് പാവം മനുഷ്യരുടെ ത്യാഗങ്ങളുടെയും നൊമ്പരങ്ങളുടെയും ഇന്ത്യയെ മനസിലാവില്ലെന്ന് അദ്ദേഹം കുറിച്ചു.


ലിജീഷ് കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്

പുതിയ കുഞ്ഞുങ്ങള്‍ പൊളിയാണ്.

പഴകിയ കുഞ്ഞുങ്ങള്‍ പേളിയാണ് 

മെറ്റ്കാഫോര്‍സില്‍ നിന്നും സായിപ്പ് ഉപേക്ഷിച്ചു പോയ അപ്പര്‍ക്ലാസ് വെടിപറച്ചിലുകളും തീന്‍മേശ മര്യാദകളും പഠിച്ചിറങ്ങിയാല്‍ എല്ലാം തികഞ്ഞു എന്നു വിചാരിക്കുന്ന സ്‌നോബുകള്‍ക്ക് ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ആത്മാവ് തൊട്ടറിയാനുള്ള സെന്‍സുണ്ടാവണം, സെന്‍സിബിലിറ്റിയുണ്ടാവണം, സെന്‍സിറ്റിവിറ്റിയുണ്ടാവണം എന്നൊന്നും അലറുന്നതില്‍ വലിയ കാര്യമില്ല. പാവം മനുഷ്യരുടെ ത്യാഗങ്ങളുടെയും നൊമ്പരങ്ങളുടെയും ഇന്ത്യയെ അവര്‍ക്ക് മനസിലാവില്ല. ഭരണകൂടത്തിന്റെ ഗ്ലോറിഫൈഡ് സ്റ്റെനോഗ്രാഫര്‍മാര്‍ മാത്രമാണ് അവരെല്ലാക്കാലത്തും. മണിയടിക്കാരുമതെ, മൈനര്‍ രവിമാരുമതെ, കൃഷ്ണ കുമാരന്മാരുമതെ.

ഏതു കൊള്ളണമെന്നും ആരെ തള്ളണമെന്നും ഞങ്ങള്‍ക്കറിയാം. സംഘബോധത്തിന്റെ തുപ്പലുരസിയെറിയുന്ന പ്രിവിലേജ്ഡ് ഇന്‍ഫ്‌ലുവന്‍സര്‍മാരുടെ ബോളില്‍ ക്ലീന്‍ബൗള്‍ഡാവില്ല ഇന്ത്യന്‍ യുവത്വം. അഭിമാനത്തോടെ, ആദരവോടെ ഇപ്പോഴും എപ്പോഴും പൊരുതുന്ന കുട്ടികള്‍ക്കൊപ്പം.

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നതില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ജന്തര്‍ മന്തറില്‍ സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളോട് സുരക്ഷതിരായിരിക്കാനും ജീവന്‍ അപകടത്തിലാക്കാതെ വീട്ടിലേക്ക് മടങ്ങാനും പറഞ്ഞു കൊണ്ടുള്ള പേളിയുടെ പോസ്റ്റാണ് വിമര്‍ശനത്തിന് ഇടയായത്.

'കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ വളരെ വേദനാജനകമായിരുന്നു. അത് നമ്മെ അല്‍പ സമയം ഒന്നു ചിന്തിക്കാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുന്നു. നമ്മുടെ രാജ്യത്തെ യുവാക്കളുടെ ശക്തിയും ഐക്യവും നിശ്ചയദാര്‍ഢ്യവും നാം നേരിട്ടു കണ്ടു. വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റ ഹൃദയഭേദകമായ ചിത്രങ്ങളും വീഡിയോകളും ഞാന്‍ കണ്ടു. ആര്‍ക്കും പരുക്കേല്‍ക്കരുത്. എല്ലാവരും സുരക്ഷിതരായിരിക്കുക. നിങ്ങളുടെ ജീവന്‍ അപകടത്തിലാണെങ്കില്‍, ദയവായി വീട്ടിലേക്ക് മടങ്ങുക', പേളി കുറിച്ചു.